ആംബുലന്‍സ് ലഭിച്ചില്ല, ഗര്‍ഭിണി വഴിയില്‍ ജന്മം നല്‍കിയ കുഞ്ഞ് നിലത്തുവീണ് മരിച്ചു

കട്‌നി: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്ന് ആശുപത്രിയിലേക്കു പോയ ഗര്‍ഭിണി വഴിയില്‍ ജന്‍മം നല്‍കിയ കുഞ്ഞ് നിലത്തുവീണു മരിച്ചു.

മധ്യപ്രദേശിലെ കട്‌നിയിലാണ് ദാരുണസംഭവം. ബാര്‍മനി ഗ്രാമവാസിയായ ബീന ജന്‍മം നല്‍കിയ കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച പ്രസവവേദന കലശലായതിനെ തുടര്‍ന്ന്, ഏഴുമാസം ഗര്‍ഭിണിയായ ബീനയെ ആശുപത്രിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. എന്നാല്‍ സമീപത്തെ ബാര്‍ഹി ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആംബുലന്‍സ് ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഭര്‍ത്താവിനൊപ്പം 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കു നടന്നുപോകാന്‍ ബീന തീരുമാനിക്കുകയായിരുന്നു.

നടന്ന് ബാര്‍ഹി ടൗണിലെ പോലീസ് സ്റ്റേഷനു സമീപമെത്തിയപ്പോള്‍ ബീന പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. നിലത്തുവീണ കുഞ്ഞ് തത്സമയം മരിച്ചു.

അതേസമയം, പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുമ്പ് പുറത്തുവന്നതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആംബുലന്‍സിനായി വിളിച്ചിരുന്നെങ്കിലും വാഹനം അയച്ചുനല്‍കാന്‍ പ്രാഥമിക ആരോഗ്യകേന്ദ്രം അധികൃതര്‍ തയാറായില്ലെന്ന് ബീനയുടെ ഭര്‍ത്താവ് ആരോപിച്ചു.

എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ജനനി എക്‌സ്പ്രസ് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നാണ് ബാര്‍ഹി പ്രാഥമിക ആരോഗ്യ കേന്ദ്രം നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top