Preeti Rathi acid attack: Mumbai court convicts accused Ankur Panwar

മുംബൈ: തൊഴില്‍പരമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട് യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് മുംബയിലെ പ്രത്യേക വനിതാ കോടതി കണ്ടെത്തി.

ഡല്‍ഹി സ്വദേശിനിയായ പ്രീതി രതി കൊല്ലപ്പെട്ട കേസിലാണ് അയല്‍ക്കാരനായ അങ്കുര്‍ ലാല്‍ പന്‍വറിനെ പ്രത്യേക കോടതി ജഡ്ജി എ.എസ്.ഷിന്‍ഡെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

2013 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഐ.എന്‍.എച്ച്.എസ് ആശുപത്രിയില്‍ പ്രീതിക്ക് ജോലി ലഭിച്ചതാണ് പന്‍വറിനെ രോഷാകുലനാക്കിയത്. ജോലിയില്‍ പ്രവേശിക്കാനായി ട്രെയിനില്‍ പിതാവിനൊപ്പം മുംബയിലെത്തിയ പ്രീതിയുട ചുമലില്‍ പന്‍വര്‍ തട്ടി. പ്രീതി തിരിഞ്ഞു നോക്കിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് പന്‍വര്‍ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ പന്‍വര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മുഖമാസകലം പൊള്ളിപ്പോയ പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് അങ്കുറിനെ അറസ്റ്റു ചെയ്തത്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് അങ്കുറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ പ്രീതിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന അങ്കുര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരി ആയിരുന്നെങ്കിലും തൊഴിലൊന്നും ഉണ്ടായിരുന്നില്ല. പ്രീതിയുടെ ഉയര്‍ച്ച കണ്ട് പഠിക്കണമെന്ന് അങ്കുറിന്റെ മാതാപിതാക്കള്‍ പലപ്പോഴും അയാളോട് പറയുമായിരുന്നു. ഇതാണ് അങ്കുറിന് പ്രീതിയോട് വിരോധമുണ്ടാക്കിയത്. പ്രീതി മുംബൈയിലേക്ക് പോവുന്നതറിഞ്ഞ് അതേ ട്രെയിനില്‍ തന്നെയാണ് അങ്കുറും മുംബൈയിലെത്തിയത്.

അതേസമയം, തന്റെ മകനെ കേസില്‍ കുടുക്കുകയായിരുന്നെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും പന്‍വറിന്റെ അമ്മ കൈലാഷ് ആവശ്യപ്പെട്ടു. എന്നാല്‍, അങ്കുറിന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രീതിയുടെ അച്ഛന്‍ അമര്‍ സിംഗ് രതി പറഞ്ഞു.

Top