അയ്യേ.. മാച്ചും, സീരീസും തമ്മിലുള്ള വ്യത്യാസം അറിയില്ലേ; പ്രിതി സിന്റയെ പൊങ്കാലയിട്ട് ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഓസിസിനെ അവരുടെ മണ്ണില്‍ പോയി പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് കായികലോകവും ഇന്ത്യക്കാരും. സോഷ്യല്‍ മീഡിയ മുഴുവന്‍ അഭിനന്ദന വാചകങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയച്ച് അക്കിടി പറ്റിയിരിക്കുകയാണ് ബോളിവുഡ് താരവും, കിങ്സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയുമായ പ്രീതി സിന്റ.

ടീമിന് അഭിനന്ദനമറിയിച്ച് പ്രീതി സിന്റെ എഴുതിയ കുറിപ്പിലാണ്‌ അക്കിടി പിണഞ്ഞത്. ഓസീസ് മണ്ണില്‍ ആദ്യമായി ടെസ്റ്റ് മാച്ച് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു പ്രീതിയുടെ ട്വീറ്റ്. ഇത് കണ്ട പാടെ ആരാധകര്‍ അതില്‍ കയറി പിടിച്ചു. എന്നാല്‍, ടെസ്റ്റ് മാച്ചുകള്‍ ഇതിന് മുന്‍പ് എല്ലാവരും ജയിച്ചിട്ടുണ്ടെന്നും, പരമ്പരയാണ് ജയിക്കാത്തത് എന്നും പറഞ്ഞ് പ്രീതി സിന്റയെ പൊങ്കാലയിടുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ടീം ടെസ്റ്റാണ് കളിച്ചത്, അവര്‍ നീലക്കുപ്പായത്തിലായിരുന്നില്ലാ എന്നും പ്രീതിയെ ആരാധകര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. എന്തായാലും ഇന്ത്യന്‍ ജയം ആഘോഷിച്ച് തകര്‍ക്കുന്നതിനൊപ്പം പ്രീതി സിന്റയെ പൊങ്കാലകൊണ്ട് മൂടുകയാണ് ആരാധകര്‍.

Top