ഹൈക്കോടതി ഉത്തരവ്: പ്രീത ഷാജി വീടിന്‍റെ താക്കോൽ ഇന്ന് റവന്യൂ അധികൃതർക്ക് കൈമാറും

Preetha Shaji

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന ഇടപ്പള്ളി സ്വദേശി പ്രീത ഷാജി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് വീടിന്റെ താക്കോല്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറും. ഉച്ചക്ക് ശേഷം തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോല്‍ വാങ്ങും.

ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോല്‍ കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോല്‍ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു.

വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വൈകുന്നേരം മുതല്‍ വീട് കാവല്‍ സമരം തുടങ്ങും. വീട്ടിലേക്ക് കയറുന്ന വഴിയില്‍ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക.

പ്രീത ഷാജിയെ കുടിയൊഴിപ്പിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സ്ഥലം വാങ്ങിയ ആള്‍ നല്‍കിയ കോടതി അലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രശ്‌നപരിഹാരത്തിന് പല തവണ അവസരം നല്‍കിയല്ലോയെന്നും ജുഡിഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും കോടതി ചോദിച്ചു.

പകരം സ്ഥലം നല്‍കാമെന്ന ഭൂമി ഏറ്റെടുത്തയാളുടെ വാഗ്ദാനം വേണമെങ്കില്‍ സ്വീകരിക്കാം. കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Top