പ്രീതാ ഷാജിയ്‌ക്കെതിരായ കോടതിയലക്ഷ്യകേസ്; ശിക്ഷ വിധിച്ച് ഹൈക്കോടതി

കൊച്ചി: ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയ്ക്കും ഭര്‍ത്താവിനും ഹൈക്കോടതി ശിക്ഷ വിധിച്ചു.
കോടതിയലക്ഷ്യത്തിനാണ് ശിക്ഷ വിധിച്ചത്.

ഹൈക്കോടതി ഉത്തരവു ലംഘിച്ചതിനു പ്രീതയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്കു കീഴിലുള്ള കിടപ്പു രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദിവസം ആറുമണിക്കൂര്‍ വീതമാണു പരിചരിക്കേണ്ടതെന്നും പരിചരണം നടത്തിയെന്നു മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടുനല്‍കണമെന്ന മുന്‍ ഉത്തരവ് ലംഘിച്ചതിനെതിരെയാണ് നടപടി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷന്‍ ബഞ്ച് പ്രീതാ ഷാജിയ്ക്കെതിരെ കോടതയിലക്ഷ്യ നടപടി തുടങ്ങിയത്.

പ്രീതാ ഷാജിക്ക് നിര്‍ബന്ധിത സമൂഹ്യസേവനത്തിനുള്ള ശിക്ഷ നല്‍കുന്നതിനാണ് കോടതി ആലോചിക്കുന്നത്. പ്രീതക്ക് എന്തൊക്കെ ജോലികള്‍ നല്‍കാമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കളക്ടര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് കോടതി തിങ്കളാഴ്ച വിമര്‍ശിച്ചിരുന്നു. വീട് ഒഴിഞ്ഞു കൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് കോടതി പറഞ്ഞു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ല. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top