അമേരിക്കയില്‍ നിന്നും വാങ്ങുന്ന ‘പ്രിഡേറ്റർ ഡ്രോൺ’ 33 മണിക്കൂര്‍ നിര്‍ത്താതെ പറക്കും; വിശദാംശങ്ങൾ

മേരിക്കയില്‍ നിന്നും വാങ്ങുന്ന പ്രിഡേറ്റര്‍ ഡ്രോണുകളെക്കുറിച്ച് വിശദീകരണവുമായി നാവിക സേനാ മേധാവി. മേക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി അമേരിക്കയില്‍ നിന്നും വാങ്ങുന്ന പ്രിഡേറ്റര്‍ ഡ്രോണുകളില്‍ ഒരുഭാഗം ഇന്ത്യയില്‍ തന്നെയാണ് കൂട്ടിച്ചേര്‍ക്കുകയെന്നും അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു. ഇത് രാജ്യത്തെ ചെറു കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കുമെല്ലാം പുതിയ അവസരങ്ങളാണ് ഒരുക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

33 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ സാധിക്കുന്ന ഈ ഡ്രോണുകള്‍ക്ക് 2,500 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ നിരീക്ഷണം നടത്താന്‍ സാധിക്കും. HALE(ഹൈ ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍) വിഭാഗത്തില്‍ പെടുന്ന ഈ ഡ്രോണുകള്‍ വാടകക്കെടുത്ത് 2020 നവംബര്‍ മുതല്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പ്രിഡേറ്റര്‍ ഡ്രോണുകളുടെ കാര്യക്ഷമതയും ഉപയോഗവും പരീക്ഷിച്ചു ബോധ്യപ്പെട്ട ശേഷമാണ് വാങ്ങുന്നതെന്നും നാവിക സേനാ മേധാവി പറഞ്ഞു.

ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ് പ്രധാനമായും ഈ ഡ്രോണുകള്‍ ആകാശ നിരീക്ഷണത്തിനായി നാവിക സേന ഉപയോഗിക്കുന്നത്. 2,500 മുതല്‍ 3,000 മൈല്‍ വരെ ദൂരത്തില്‍ നിരീക്ഷണം നടത്താന്‍ സാധിക്കുന്ന ഈ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേനക്ക് മുതല്‍ക്കൂട്ടാണ്. 40,000 അടി വരെ ഉയരത്തില്‍ പറന്നുകൊണ്ട് നിരീക്ഷണം നടത്താന്‍ സാധിക്കുന്ന ഡ്രോണുകളാണിത്.

33 മണിക്കൂര്‍ വരെ ആകാശത്ത് നിര്‍ത്താതെ പറക്കാന്‍ ഈ പ്രിഡേറ്റര്‍ ഡ്രോണുകള്‍ക്ക് സാധിക്കും. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഏതുകോണിലും പരിശോധന നടത്താന്‍ ഈ ഡ്രോണുകള്‍ക്കാവും. സാറ്റലൈറ്റുകള്‍ക്ക് പോലും അസാധ്യമായ ജോലിയാണ് ഇവ ചെയ്യുക’ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും പത്ത് പ്രിഡേറ്റര്‍ ഡ്രോണുകളാണ് ഇന്ത്യയിലേക്കെത്തുക. അത് അമേരിക്കയില്‍ തന്നെയാവും പൂര്‍ണമായും നിര്‍മിക്കുക. ബാക്കിയുള്ളവ ഇന്ത്യയിലായിരിക്കും കൂട്ടിച്ചേര്‍ക്കുക.

ആകെ 21 ഡ്രോണുകള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനു വേണ്ട സാങ്കേതികവിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമായി സംഭവിക്കും. ഇതും ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന് ഗുണകരമാവുമെന്ന പ്രതീക്ഷയും നാവിക സേനാ മേധാവി പ്രകടിപ്പിച്ചു.

Top