ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു

കൊച്ചി: ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ ചിറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നത് തടയാന്‍ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വഹിച്ചു. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്നതിനാല്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നില്ല.

Top