‘പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’ ; മലയാളത്തില്‍ എക്‌സില്‍ കുറിച്ച് നരേന്ദ്രമോദി

തൃശൂര്‍: പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. മലയാള ഭാഷയിലാണ് മോദിയുടെ കുറിപ്പ്. ക്ഷേത്രത്തിന്റെ ദിവ്യമായ ഊര്‍ജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന്‍ പ്രാര്‍ഥിച്ചതായും മോദി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. കേരളീയ വേഷത്തില്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് മോദി ഗുരുവായൂരിലെത്തിയത്.

കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പിന്നീട് 12 മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തിയ മോദി ഷിപ്പ്യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത മോദി ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.

‘ദിവ്യമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയ സാന്നിധ്യത്തില്‍ എന്റെ പ്രിയപ്പെട്ട കുട്ടികള്‍ വിവാഹിതരായി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉള്‍പ്പെടുത്തുക’, എന്നാണ് വിവാഹശേഷം സുരേഷ് ഗോപി പറഞ്ഞത്. ഒപ്പം ഗുരുവായൂരില്‍ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.

ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. മോഹന്‍ലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ബിജു മേനോന്‍, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.

Top