ബിജെപി സ്ഥാനാര്‍ത്ഥി തന്റെ ഫോട്ടോ എടുത്ത് വ്യാജ പ്രചാരണം നടത്തുന്നു; പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചടയമംഗലം: ചടയമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി തന്റെ ഫോട്ടോ എടുത്ത് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ പ്രയാര്‍ ഗോപാല കൃഷ്ണന്‍. പ്രയാറിന്റെ അനുഗ്രം തനിക്ക് ലഭിച്ചെന്ന് പറഞ്ഞ് ചടയമംഗലത്തെ ബിജെപി സ്ഥനാര്‍ഥി വിഷ്ണു പട്ടത്താനം പ്രചാരണം നടത്തുന്നതിനെതിരായാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.

പ്രയാറിന്റെ കുറിപ്പ്:

ചിതറ പഞ്ചായത്തിലെ പര്യടനത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്റെ വീട്ടില്‍ വന്നിരുന്നു. സാധാരണ വീട്ടില്‍ വരുന്ന ഏതൊരാളെയും പോലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും അതിഥിയായി ഞാന്‍ കണ്ടു.

എന്നാല്‍ അതിനിടയില്‍ ഞാനറിയാതെ എപ്പോഴോ എടുത്ത ഒരു ചിത്രം ഉപയോഗിച്ച് കൊണ്ട് വില കുറഞ്ഞ പ്രചരണം ആണ് ബിജെപി സ്ഥാനാര്‍ത്ഥി ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസ്സുകാരന്‍ ആയ തനിക്ക് എന്റെ പ്രസ്ഥാനത്തിന് എതിരെ മത്സരിക്കുന്ന ഒരാളിനെ അനുഗഹിക്കേണ്ടതോ ആശിര്‍വദിക്കേണ്ടതോ ആയ ഒരാവശ്യവും നിലവിലില്ല.

എനിക്ക് പൊതു സമൂഹത്തോട് പറയാനുള്ളത് മരണം വരെ ഞാന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണ്. എന്റെ പേര് ഉപയോഗിച്ച് കൊണ്ടുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തെ ഞാന്‍ അവഞ്ജയോടെ തള്ളിക്കളയുകയാണ്. ഇത്തരം വ്യാജ നിക്ഷിപ്ത താത്പര്യങ്ങളെ നിങ്ങള്‍ തള്ളിക്കളയുമെന്ന പ്രതീക്ഷയോടെ…പ്രയാര്‍ ഗോപാലകൃഷ്ണന്‍

 

Top