ബി.ജെ.പിയുടെ പൊലീസ് കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രവീൺ തൊഗാഡിയ . .

Praveen Togadia

ന്യൂഡല്‍ഹി: തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, പൊലീസ് തന്നെ വേട്ടയാടുകയാണെന്നും വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ബി.ജെ.പി.ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസ് വിഭാഗങ്ങള്‍ക്കെതിരെയാണ് തൊഗാഡിയയുടെ ഗുരുതര ആരോപണങ്ങള്‍.

പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ പ്രവീണ്‍ തൊഗാഡിയയെ രാത്രി അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്ത് നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. തൊഗാഡിയയെ ഇപ്പോള്‍ ശാഹിബാഗിലെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.

1996ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയതിന് പിന്നാലെ തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തെ പൊലീസ് സംഘം തട്ടിക്കൊണ്ട് പോയതാണെന്നും വിഎച്ച്പി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഗുജറാത്തിലെ വിഎച്ച്പി ഓഫീസില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നാണ് വിഎച്ച്പിയുടെ ആരോപണം.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ തങ്ങള്‍ എത്തിയെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിരുന്നു.

തൊഗാഡിയയെ തങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന നാല്‍പ്പതോളം വരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ സോളയിലെ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തൊഗാഡിയയുടെ ഇപ്പോഴത്തെ ആരോപണം ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നതാണ്. സംഘപരിവാറില്‍ ആര്‍എസ്എസും ബിജെപിയും കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ സംഘടനയാണ് വിശ്വ ഹിന്ദു പരിഷത്ത്. ആ സംഘടനയുടെ മേധാവിക്ക് തന്നെ സ്വന്തം പാളയത്തില്‍ നിന്ന് ഭീഷണിയുയര്‍ന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തനായ വിമര്‍ശകനായാണ് തൊഗാഡിയ അറിയപ്പെടുന്നത്.

വിഷയത്തില്‍ ഉടന്‍തന്നെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇടപെടുമെന്നാണ് സൂചന.

Top