മൂന്ന് ഗള്‍ഫ് നാടുകളില്‍ നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ ഇന്ന് കേരളത്തിലെത്തും

ദുബായ്: മൂന്ന് ഗള്‍ഫ് നാടുകളില്‍ നിന്നായി ഇന്ന് അഞ്ഞൂറിലധികം പ്രവാസികള്‍ കേരളത്തില്‍ എത്തും.കുവൈത്ത്, ദോഹ, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കാണ് ഇന്ന് വിമാനം എത്തുന്നത്.

കുവൈത്തില്‍ നിന്നുള്ള വിമാനം കൊച്ചിയിലേക്കു ഇതിനോടകം യാത്ര തിരിച്ചു കഴിഞ്ഞു. കുവൈത്തില്‍ നിന്നുള്ള വിമാനത്തില്‍ 177 പേരാണ് കേരളത്തിലേക്ക് എത്തുക.

കുവൈത്ത് വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. പകരം തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്.

മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനം അല്‍പസമയത്തിനകം യാത്ര പുറപ്പെടും. 181 യാത്രക്കാരുമായാണ് മസ്‌കറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലേയ്ക്ക് പറക്കുന്നത്. മസ്‌ക്കറ്റ് വിമാനത്താവളത്തിലും തെര്‍മല്‍ സ്‌കാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രാദേശിക സമയം രാത്രി 7.05 നാണ് ദോഹയില്‍ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. ദോഹ വിമാനത്തിലെ അറുപത് ശതമാനം യാത്രക്കാരും സ്ത്രീകളാണ്.

Top