പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സുഷമ സ്വരാജിന്റെ പേര് നല്‍കും!

sushama

ഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഓര്‍ത്ത് രാജ്യം. സുഷമ സ്വരാജിന്റെ പേര് പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.

പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതല്‍ സുഷമ സ്വരാജ് ഭവന്‍ എന്നും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‌ സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നും മാറ്റാനാണ് തീരുമാനം. നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹത് വ്യക്തിത്വത്തിന് അര്‍ഹമായ ആദരാഞ്ജലിയാണിതെന്നും ജയശങ്കര്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമാണ് സുഷമ സ്വരാജ്. 2014 മുതല്‍ 2019 വരെയാണ് സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നത്. 2019 ഓഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ മരണപ്പെടുന്നത്.

Top