പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതടക്കമുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാരിന്റെ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് തിരികെയെത്തുന്ന പ്രവാസികള്‍ക്കായി ചികിത്സയും പരിശോധനയുമടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത് വരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ നിരവധിപ്പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടതോടെ പ്രവാസികള്‍ക്ക് ആശങ്കയേറിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൌകര്യങ്ങളുള്ളവരുമാണ്.ഇത്തരക്കാര്‍ കൂടുതല്‍ പ്രയാസത്തിലായെന്നാണ് മനസിലാക്കുന്നത്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. ആവശ്യമുള്ളവരെ ചികിത്സിക്കും. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര്‍ വന്നാല്‍ അവര്‍ക്കും സൗകര്യമൊരുക്കും പ്രത്യേക വിമാനം അയച്ചാല്‍ വിസിറ്റിങ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കേണ്ടി വരും. വിമാനത്താവളത്തില്‍ എത്തിയാല്‍ എല്ലാ കാര്യങ്ങളും സംസ്ഥാനത്തിന്റെ ചുമതലയാണ്. നോര്‍ക്കയും സംഘടനകളും സഹായമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top