prathapan-rahulgandhi

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് അവസരം നല്‍കാനായി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നുവെന്ന് പരസ്യ പ്രഖ്യാപനം നടത്തി കൈയ്യടി വാങ്ങിയ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍, പിന്നീട് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചതായി റിപ്പോര്‍ട്ട്. പ്രതാപന്റെ കത്ത് ഇന്നലെ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ വായിച്ച രാഹുല്‍ ഗാന്ധി, പ്രതാപന് സീറ്റു നല്‍കാന്‍ അനുവാദം നല്‍കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് ടി.എന്‍. പ്രതാപനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

യുവാക്കള്‍ക്കായി വഴിമാറുന്നുവെന്ന ടി.എന്‍. പ്രതാപന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഇത് മാതൃകയാക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പരിഹസിച്ചിരുന്നു.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാനായി ഇത്തവണ മാത്രം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നു കാണിച്ച് അദേഹം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കിയിരുന്നു.

യുവാവായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി തനിക്ക് സ്ഥാനാര്‍ഥിത്വം നല്‍കി. മൂന്ന് തവണ തുടര്‍ച്ചയായി ജയിക്കാനും കഴിഞ്ഞു. തനിക്ക് അവസരം ലഭിച്ചതുപോലെ മറ്റുള്ളവര്‍ക്ക് കൂടി അവസരം ലഭിക്കണമെന്നും സുധീരനെഴുതിയ കത്തില്‍ പ്രതാപന്‍ വ്യക്തമാക്കിയിരുന്നു.

Top