പൊലീസുകാർ കണ്ണ് അടിച്ച് പൊട്ടിച്ച മുൻ എസ്.എഫ്.ഐ നേതാവ് ഇവിടെയുണ്ട് . .

സൈമണ്‍ ബ്രിട്ടോ എന്ന ധീര വിപ്ലവകാരി ഇന്ന് ഓര്‍മ്മയാണ്. എതിരാളിയുടെ കത്തിമുനയില്‍ ശരീരം തളര്‍ന്ന് വീല്‍ ചെയറിലായിട്ടും അതിജീവനത്തിനായി ബ്രിട്ടോ നടത്തിയ പോരാട്ടം ചരിത്രമാണ്. പോരാളികളുടെ മനസ്സില്‍ ആവേശത്തിന്റെ കനലാണ് ഇപ്പോഴും ബ്രിട്ടോ.

അതുപോലെ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കു വേണ്ടി സ്വയം സമര്‍പ്പിച്ച് ഇപ്പോഴും ശരീരത്തില്‍ ചെറുതും വലുതുമായ കെടുതികള്‍ ഏറ്റുവാങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍.

ബ്രിട്ടോ ഒടുവില്‍ വിധിക്ക് കീഴടങ്ങിയെങ്കിലും വിധിയോട് എതിരിട്ട് മുന്നോട്ട് പോകുന്ന അത്തരം മുന്‍ വിദ്യാര്‍ത്ഥി നേതാക്കളില്‍ പലരും ഇപ്പോള്‍ സജീവ രാഷ്ട്രീയ രംഗത്തില്ല. ഇതില്‍ കോഴിക്കോട്ടുകാരനായ എന്‍.പി പ്രതാപ് കുമാറിനെ പൊരുതുന്ന മനസ്സുകള്‍ ഒരിക്കലും മറക്കില്ല. ഈ മുന്‍ വിദ്യാര്‍ത്ഥി നേതാവിന്റെ ഒരു കണ്ണാണ് യുഡിഎഫ് ഭരണത്തില്‍ പൊലീസ് അടിച്ച് പൊട്ടിച്ചത്.

സ്വാശ്രയ മെഡിക്കല്‍ എന്‍ജിനിയറിംങ് സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിനാണ് സ്വന്തം കണ്ണു തന്നെ പ്രതാപ് കുമാറിന് ബലികൊടുക്കേണ്ടി വന്നത്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പ്രതാപ് കുമാര്‍ ഇപ്പോള്‍ കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്.

1994ല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിനെ തടഞ്ഞ പ്രതാപന്‍ അടക്കമുള്ള പ്രവര്‍ത്തകരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. മര്‍ദ്ദനത്തില്‍ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ പ്രതാപന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഈ മുന്‍ വിദ്യാര്‍ത്ഥി നേതാവ് സ്വന്തം ജീവിതത്തിലും സ്വാശ്രയ വിരുദ്ധ നിലപാട് സ്വീകരിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

അച്ഛന്റെ പോരാട്ടവും നിലപാടും ശരിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ മകള്‍ അഭിരാമി എലിസബത്തുമുണ്ട് മുന്നില്‍. മലയാളം മീഡിയത്തില്‍ പഠനം നടത്തിയ പ്രതാപന്റെ മകള്‍ അഭിരാമിക്കാണ് കഴിഞ്ഞ വര്‍ഷം നടന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് ലഭിച്ചത്. അഖിലേന്ത്യാ തലത്തില്‍ ഇരുനൂറ്റി പതിനാലാം റാങ്കിലെത്താനും ഈ മിടുക്കിക്ക് കഴിഞ്ഞിരുന്നു. അഭിരാമിയെ പോലെ മകന്‍ അഭിമന്യുവിനെയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രതാപ് കുമാര്‍ പഠിപ്പിച്ചത്. അതും ഈ പഴയ എസ്.എഫ്.ഐ നേതാവിന്റെ വാശിയാണ്.

മകന്‍ അഭിമന്യു ടിറ്റോ മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്‌ക്കൂളിലാണ് പഠനം നടത്തിയത്. മക്കളെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാതിരിക്കുന്നതിന് എന്താണ് കാരണമെന്ന് പ്രതാപനെ അറിയുന്നവര്‍ അദ്ദേഹത്തോട് ചോദിക്കില്ല, അറിയാത്തവര്‍ക്ക് മറുപടി കാഴ്ച നഷ്ടപ്പെട്ട വലത്തേക്കണ്ണ് തന്നെ നല്‍കും.

വാക്കും പ്രവര്‍ത്തിയും അവസരത്തിനൊത്ത് മാറ്റുന്ന അവസരവാദിയല്ല ഈ കമ്യൂണിസ്റ്റുകാരന്‍. പോരാട്ടത്തിന്റെ കനല്‍ ഇപ്പോഴും ആ മനസ്സില്‍ എരിയുന്നുണ്ട്. ഈ മനസ്സിലെ നന്മകണ്ടത് കൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലാത്തിയടിയില്‍ പരിക്കേറ്റ് പ്രതാപന്‍ ചികിത്സ തേടിയെത്തിയപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലിസക്ക് ആകര്‍ഷണം തോന്നിയതും.

അത് ഒടുവില്‍ പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. മെഡിക്കല്‍ കോളേജിലെ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ലിസ. ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് .

പോരാട്ടരംഗത്ത് എസ്.എഫ്.ഐയുടെ ഏറ്റവും സുവര്‍ണ്ണ കാലഘട്ടത്തില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പോരാടിയവരാണ് പ്രതാപനും സംഘവും. എസ്.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ മുസാഫര്‍ അഹമ്മദും പ്രതാപനുമായിരുന്നു കോഴിക്കോട് ജില്ലയിലെ സമരത്തിന് അന്ന് ചുക്കാന്‍ പിടിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം മര്‍ദ്ദനമേറ്റവരില്‍ മുന്‍ നിരയിലാണ് ഇവരുടെ സ്ഥാനം.

കേരളത്തിലെ കാമ്പസുകളില്‍ ചുവപ്പ് രാഷ്ട്രീയത്തിന് ഇപ്പോഴും ആധിപത്യം തുടരാന്‍ കഴിയുന്നതിനു പിന്നില്‍ സൈമണ്‍ ബ്രിട്ടോയും അതുപോലെ തന്നെ പ്രതാപന്‍ അടക്കമുള്ള നിരവധി പ്രമുഖരുടെയും ത്യാഗങ്ങളുടെ വീര ചരിത്രമുണ്ട്.

ഇത്രയധികം കൊടും പീഢനങ്ങള്‍ സഹിച്ച പ്രവര്‍ത്തകരുള്ള എസ്.എഫ്.ഐയെ പോലെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും രാജ്യത്ത് തന്നെ കാണില്ല.

മരിച്ചവര്‍ ധീര രക്തസാക്ഷികളായി എന്നും ഓര്‍മ്മിക്കപ്പെടുമ്പോള്‍, കെടുതികള്‍ ശരീരത്തില്‍ ഏറ്റു വാങ്ങി ജീവിക്കുന്ന പ്രതാപനെ പോലെയുള്ള നിരവധി പേര്‍ ഇപ്പോഴും തിരശ്ശീലക്ക് പിന്നിലാണ്. കണ്ണുപൊട്ടിയും,കാലൊടിഞ്ഞും, ക്രൂര മര്‍ദ്ദനമേറ്റും കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചും ജീവിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള ഈ വിപ്ലവകാരികളുടെ മനസ്സില്‍ പക്ഷേ ഇപ്പോഴും അണയാത്ത കനലുണ്ട്. മരണം വരെ അതൊരിക്കലും കെടുകയുമില്ല.

Top