രാജ്യത്തെ ഏറ്റവും ദരിദ്രനായ എം.പി, അതാണ് ബി.ജെ.പിയുടെ പ്രതാപ് സാരംഗി !

475 കോടീശ്വര എം.പിമാര്‍ വാഴുന്ന ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഒഡീഷയില്‍ നിന്ന് ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു എം.പി.യും. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ്ചന്ദ്രസാരംഗിയാണ് ബി.ജെ.പി എം.പിയായി ലാളിത്യത്തിന്റെ ആള്‍രൂപമായി പാര്‍ലമെന്റിലേക്കെത്തുന്നത്.

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.ഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്. പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.

അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം . കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്.


ചെറുപ്പം മുതലേ ആത്മീയകാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന സാരംഗി സന്യാസം സ്വീകരിക്കാന്‍ ശ്രീരാമകൃഷ്ണ മഠത്തിലെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവിടുത്തെ മുതിര്‍ന്ന സന്യാസിമാര്‍ സാരംഗിയെ മാതാവിനെ പരിചരിക്കാന്‍ നിര്‍ദ്ദേശിച്ച് മടക്കി അയക്കുകയായിരുന്നു. വിവാഹം കഴിക്കാതെ സന്യാസസമാനമായ ജീവിതവുമായി മാതാവിനെയും ആദിവാസി സമൂഹത്തെയും പരിചരിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്രസാരംഗി ഒഡീഷയിലെ മോഡിയെന്നാണ് അറിയപ്പെട്ടിരുന്നത്. മദ്യത്തിനും അഴിമതിക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടവും സാരംഗി നടത്തിയിരുന്നു.

കോടീശ്വരന്‍മാര്‍ പണക്കൊഴുപ്പുകൊണ്ട് ജനാധിപത്യത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയ്യില്‍ പണമില്ലെങ്കിലും സേവനംകൊണ്ട് ജനപിന്തുണനേടി ജനാധിപത്യത്തിന്റെ വിജയമാവുകയാണ് പ്രതാപ്ചന്ദ്ര സാരംഗി. കോടീ്ശ്വരന്‍മാരായ ലോക്‌സഭാംഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനവും നിലവില്‍ കോണ്‍ഗ്രസിനാണ്.

ലോക്‌സഭയിലെ വലിയ പണക്കാരന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ്. 660 കോടി ആസ്തിയുള്ള നകുല്‍നാഥ് മധ്യപ്രദേശിലെ ചിന്ത്വാര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 417 കോടി ആസ്തിയുള്ള കന്യാകുമാരി മണ്ഡലത്തിലെ എച്ച്. വസന്തകുമാര്‍, 338 കോടി ആസ്തിയുള്ള ബംഗളുരു റൂറലിലെ ഡി.കെ സുരേഷ് എന്നിവരാണ് സമ്പന്ന എം.പിമാരിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.

കോണ്‍ഗ്രസിന്റെ 52 എം.പിമാരില്‍ 43 പേരും കോടീശ്വരന്‍മാരാണ്. ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെ 18 എം.പിമാരും കോടിയിലേറെ സ്വത്തുള്ളവരാണ്. 23 ഡിഎം.കെ എം.പിമാരില്‍ 22പേരും 22 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരില്‍ 19പേരും 22 വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാരില്‍ മുഴുവന്‍ പേരും കോടീശ്വരന്‍മാരുടെ പട്ടികയിലുണ്ട്. ഈ പട്ടികയില്‍ 265 ബിജെപി എം.പി മാരും ഉണ്ട്.


പുതിയ ലോക്സഭയില്‍ അഞ്ച് കോടിയിലേറെ വരുമാനമുള്ള എം.പിമാര്‍ 266 പേരാണ്. 2014ല്‍ 443 കോടീശ്വര എം.പിമാരുണ്ടായിരുന്ന പാര്‍ലമെന്റില്‍ ഇത്തവണ 475 പേരെത്തുമ്പോള്‍ ജനാധിപത്യത്തെ പണാധിപത്യം വിഴുങ്ങുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഈ ആശങ്കയെ തകര്‍ത്ത് ജനാധിപത്യത്തിന്റെ വിജയം പ്രഖ്യാപിക്കുന്നതാണ് ഒഡീഷയിലെ ദരിദ്രനാരായണനായ പ്രതാപ് ചന്ദ്രസാരംഗിയുടെ പത്തരമാറ്റ് വിജയത്തിളക്കം.

ബി.ജെ.പിയെ സംബന്ധിച്ച് ഈ എം.പി അഭിമാനമാണ്. കേരളത്തില്‍ ഇതുപോലെ ഇവര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത് കുമ്മനം രാജശേഖരനെയാണ്. രാഷ്ട്രീയ ശത്രുക്കള്‍ പോലും കുമ്മനത്തിന്റെ ജീവിത ശൈലിയെ അനുമോദിക്കും. മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ക്കും കൗതുകമായിരുന്നു കുമ്മനം രാജശേഖരന്‍. ഗവര്‍ണ്ണര്‍ക്കെതിരെ മിസോറാമില്‍ പ്രതിഷേധം നടത്തിയവര്‍ പോലും കുമ്മനത്തിന്റെ എളിമ കണ്ട് അമ്പരന്ന് പോയിരുന്നു. ചുളിഞ്ഞ മുണ്ടും ഷര്‍ട്ടുമിട്ട് ഡല്‍ഹിയില്‍ എത്തുന്ന കുമ്മനത്തെ കാണുന്ന മോദിയെ പോലും ഗവര്‍ണര്‍ സ്ഥാനത്തും അതേ വസ്ത്രധാരണവുമായി അദ്ദേഹം മുന്നോട്ട് പോയത് അത്ഭുതപ്പെടുത്തിയിരുന്നു.ഗവര്‍ണ്ണര്‍മാരുടെ പമ്പരാഗതമായ വേഷവിധാനങ്ങളെയാണ് കുമ്മനം ഇവിടെ പൊളിച്ചടുക്കിയത്.

നമ്മുടെ രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് നഷ്ടമാകുന്ന ചില മൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് കുമ്മനത്തെയും പ്രതാപ് ചന്ദ്ര സാരംഗിയുമെല്ലാം കാണിച്ചു തരുന്നുണ്ട്. അന്നും ഇന്നും കുമ്മനം മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാറില്ല.ഇതുപോലെ സാധാരണക്കാരനായി ജീവിക്കുന്ന ഒരു എം.എല്‍.എ സി.പി.എമ്മിനും ഉണ്ട് കേരളത്തില്‍. കല്‍പ്പറ്റ എം.എല്‍.എ ,സി .കെ ശശീന്ദ്രനാണ്. ചെരിപ്പു പോലും ധരിക്കാതെയാണ് ഈ കമ്യൂണിസ്റ്റിന്റെ യാത്ര.

Political Reporter

Top