ജയിപ്പിക്കാന്‍ മാത്രമല്ല, തോല്‍പ്പിക്കാനും അറിയാം; അമ്പരപ്പോടെ സഖ്യം

പട്‌ന: ‘ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ നിലകൊണ്ടതിനു ഡല്‍ഹിക്കു നന്ദി’ ഡല്‍ഹി ഫലമറിഞ്ഞ ശേഷം പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തതാണ് ഇത്. ചായ് പേ ചര്‍ച്ചയിലൂടെ നരേന്ദ്ര മോദിക്കും ബിജെപിക്കും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അനുകൂലമാക്കിയ സംഘത്തിലെ പ്രശാന്ത് കിഷോര്‍ തങ്ങളുടെ പ്രധാന എതിരാളിയാകുന്നതിന്റെ അമ്പരപ്പിലാണു ജെഡിയു ബിജെപി സഖ്യം. മോദിയെ ജയിപ്പിക്കാന്‍ മാത്രമല്ല, ‘തോല്‍പിക്കാനും’ കഴിയുമെന്നു ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നു കൂടാരം മാറിയ പ്രശാന്ത്. പൗരത്വ നിയമത്തിനെതിരെ നിതീഷ് കുമാറിന്റേതിനു വിരുദ്ധമായ നിലപാടെടുത്തതിനു ജെഡിയുവില്‍ നിന്നു പുറത്താക്കപ്പെട്ടതിനുള്ള മറുപടിയായിരുന്നു ആ ട്വീറ്റ്.

നിങ്ങള്‍ക്കറിയുമോ പ്രശാന്ത് കിഷോര്‍ എങ്ങനെയാണ് ജെഡിയുവില്‍ അംഗമായതെന്ന്? അദ്ദേഹത്തിനു പാര്‍ട്ടിയില്‍ അംഗത്വം നല്‍കാന്‍ പറഞ്ഞത് അമിത് ഷായാണ്’ എന്തുകൊണ്ട് രാഷ്ട്രീയ തന്ത്രജ്ഞനും പാര്‍ട്ടി ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോറിനെ പുറത്താക്കിയെന്ന ചോദ്യത്തിനു ജെഡിയു ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. അമിത് ഷാ നിയോഗിച്ചയാളെ തള്ളാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കണോ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

Top