തെലങ്കാനയിൽ ടിആർഎസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്റെ ഐപാക്ക്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്കിടെ തെലങ്കാനയിൽ ടിആർഎസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്റെ ഐപാക്ക്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ടിആർഎസ്സ് ഐപാക്കിനെ ചുമതലപ്പെടുത്തി. ഐപാക്ക് സ്വതന്ത്ര സംവിധാനമാണെന്നും പ്രശാന്ത് കിഷോറുമായല്ല കരാറെന്നും ടിആർഎസ് വിശദീകരിച്ചു. കോൺഗ്രസ് മുക്ത മൂന്നാം മുന്നണിക്ക് ചന്ദ്രശേഖർ റാവു ശ്രമം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ പ്രശാന്ത് കിഷോറുമായി മൂന്ന് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ധാരണ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ദ്ദേശ തെരഞ്ഞെടുപ്പുകളിലും ടിആർഎസ്സിനായി ഐപാക്ക് തന്ത്രങ്ങൾ ആവിഷകരിക്കും. ഒരു വർഷം മുന്നേ തുടക്കമിടുന്ന പ്രചാരണങ്ങൾ ഐപാക്ക് ഏകോപിപ്പിക്കും. നൂതന പ്രചാരണ പദ്ധതികൾ നടപ്പാക്കും. സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പുതിയ കർമ്മ പദ്ധതിയടക്കം നടപ്പാക്കാനാണ് ധാരണ.

തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾക്ക് ഇനി ഐപാക്കിന്റെ മാർഗനിർദേശമുണ്ടാകുമെന്ന് ടിആർഎസ് വ്യക്തമാക്കി. പ്രശാന്ത് കിഷോറുമായല്ല സ്വതന്ത്ര സംവിധാനമായ ഐപാക്കുമായാണ് കരാറെന്നും ടിആർഎസ് വിശദീകരിക്കുന്നു. കോൺഗ്രസുമായി ചേർന്ന് പ്രശാന്ത് കിഷോർ പ്രവർത്തിച്ചാലും പ്രൊഫഷണലുകൾ ഉൾപ്പെട്ട ഐപാക്കിന്റെ പ്രവർത്തനവുമായി ബന്ധമില്ലെന്നാണ് ടിആർഎസ്സിന്റെ വാദം.

Top