ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രശാന്ത് കിഷോര്‍; ഓഡിയോ പുറത്ത്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ആസൂത്രണം ചെയ്ത വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബിജെപി. പ്രശാന്ത് കിഷോര്‍ ഗ്രൂപ്പ് ചാറ്റില്‍ സംസാരിക്കുന്ന ഓഡിയോയാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്തുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ പോലും ബിജെപിയുടെ വിജയമാണ് പ്രവചിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞതായി ബിജെപി അവകാശപ്പെട്ടു.

വോട്ട് മോദിക്കുള്ളതാണ്. ധ്രുവീകരണം ഒരു യാഥാര്‍ത്ഥ്യമാണ്. ബംഗാളിലെ 27 ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. ബിജെപിക്ക് അടിത്തട്ടില്‍ കേഡര്‍ സംവിധാനമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഇടതും കോണ്‍ഗ്രസും തൃണമൂലും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞതായി ബിജെപി പറയുന്നു.

ബംഗാളില്‍ മോദി വളരെ പ്രശസ്തനാണെന്നതില്‍ സംശയമില്ല. അതുപോലെ തൃണമൂലിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ വോട്ടുകളും ബിജെപിയുടെ സംഘടനാ ശക്തിയും നിര്‍ണായകമാണെന്നു പ്രശാന്ത് കിഷോര്‍ പറയുന്നു.

പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍ കുറച്ച് ല്യൂട്ടന്‍സ് മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുജനം മുഴുവന്‍ കേട്ടെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാല്‍ ബിജെപിക്ക് മറുപടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. തന്റെ ചാറ്റ് ബിജെപി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ധൈര്യമുണ്ടെങ്കില്‍ ചാറ്റ് മുഴുവന്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 

Top