പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും. സുപ്രീംകോടതിയാണ് പ്രശാന്ത് ഭൂഷണിനെതിരെ ശിക്ഷ വിധിക്കുന്നത്. കേസില്‍ മാപ്പ് പറയാന്‍ അവസരം നല്‍കുകയാണെന്ന കോടതിയുടെ വാഗ്ദാനം നേരത്തെ പ്രശാന്ത് ഭൂഷണ്‍ നിരസിക്കുകയായിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്ന് ആഗസ്റ്റ് പതിനാലിന് കോടതി വിധിച്ചിരുന്നു.

സുപ്രീംകോടതിയുടെ നിഷ്പക്ഷതയെ കുറിച്ചും, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ കുപ്രസിദ്ധമായ ഹാര്‍ലി ഡേവിഡ്‌സന്‍ ചിത്രത്തെ വിമര്‍ശിച്ചുമുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന്‍മേലാണ് കോടതിയുടെ നടപടി. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. 2009-ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Top