Prashant Bhushan: Kejriwal can even join hands Modi if it suits him

വാഷിങ്ടണ്‍:വ്യക്തിഗത നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പോലും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്ന ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.

ആദര്‍ശരഹിതനായ കേജരിവാള്‍ അനുകൂല സാഹചര്യം ഉണ്ടാകുമ്പോള്‍ മോദിയോടും കൂട്ട് കൂടുമെന്നും അതിന് യാതൊരു മടിയും അദ്ദേഹം കാണിക്കില്ലെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.തന്റെ യു.എസ്സ് സന്ദര്‍ശനത്തില്‍ അവിടുത്തെ ഇന്ത്യക്കാരോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

അഴിമതിയ്‌ക്കെതിരെ ഉളള പോരാട്ടം വാക്കുകളില്‍ മാത്രമായി കേജരിവാള്‍ ഒതുക്കുകയാണെന്നും അതിന്റെ തെളിവാണ് അഴിമതി ആരോപണ വിധേയരായ എം.എല്‍,എമാര്‍ ഇപ്പോഴും എ.എ.പി സര്‍ക്കാരില്‍ തുടരുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രശാന്ത് പറഞ്ഞു.

സ്വയം അഴിമതി നടത്താതെ മറ്റുളളവരെ കൊണ്ട് അഴിമതി ചെയ്യിപ്പിക്കുന്ന മന്‍മോഹന്‍ സിംഗിനെപ്പോലെയാണ് കേജരിവാള്‍ എന്നും അദ്ദേഹം ആരോപിച്ചു.

തന്നെയും യോഗേന്ദ്രയെയും പോലുളളരെ ഉപയോഗിച്ച് ജനകീയനായ കേജരിവാള്‍ പക്ഷേ അധികാരം കിട്ടിയ ശേഷം ഏകാധിപതി ആയിരുന്നു എന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ഈ തിരിച്ചറിവുണ്ടായപ്പോളാണ് പാര്‍ട്ടി വിട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top