രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യാത്രയുടെ 60ാം ദിവസത്തിൽ തെലങ്കാനയിലാണ് ആംആദ്മി പാർട്ടി മുൻ നേതാവ് കൂടിയായ അദ്ദേഹം പങ്കെടുത്തത്.

മഡിഗ റിസർവേഷൻ പോരാട്ട സമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും യാത്രയുടെ ഭാഗമായി. പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന ഇദ്ദേഹം മേഡക് ജില്ലയിലെ അല്ലാദുർഗിൽ വെച്ചാണ് യാത്രയിൽ പങ്കെടുത്തത്. ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവും യാത്രയിൽ സജീവമായിട്ടുണ്ട്. നേരത്തെ ബോളിവുഡ് നടി പൂജാ ഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധി പേർ തെലങ്കാനയിൽ യാത്രയുടെ ഭാഗമായി. ഒക്‌ടോബർ 23നാണ് യാത്ര തെലുങ്കാനയിലെത്തിയത്. തിങ്കാളാഴ്ച മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയിരുന്നത്.

60 ദിവസം കൊണ്ട് 1500 കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. നവംബർ ഏഴിന് യാത്ര മഹാരാഷ്ട്രയിലെത്തും. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലേക്ക് കടക്കുക. അസം, ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയുടെ സന്ദേശമുയർത്തി പരിപാടികൾ നടക്കുകയാണ്.

Top