ദയ അഭ്യര്‍ഥിക്കില്ല, ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കും; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത് ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അത് തന്റെ കടമയായി കരുതുന്നു. ശിക്ഷിക്കപ്പെടും എന്നതില്‍ അല്ല വേദന. അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ട് വെയ്ക്കാതെ താന്‍ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്ന് കോടതി കണ്ടെത്തിയതില്‍ നിരാശയുണ്ട്. തന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്ഥിവാരമിളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തല്‍ അവിശ്വസനീയമാണ്. ആ രണ്ടു ട്വീറ്റുകള്‍ എന്റെ അടിയുറച്ച ബോധ്യമാണ്. ഏത് ജനാധിപത്യവും അതു പറയാനുളള സ്വാതന്ത്രവും അനുവദിക്കേണ്ടതുണ്ട്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകള്‍ കൂടിയേ തീരു. ഭരണഘടനാക്രമം പരിപാലിക്കാന്‍ അത് ആവശ്യമാണ്.’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തില്‍ കര്‍ത്തവ്യ നിര്‍വഹണത്തിനുള്ള എളിയ ശ്രമം മാത്രമാണ് എന്റെ ട്വീറ്റുകള്‍. വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറയുന്നത് ആത്മാര്‍ഥതയില്ലായ്മ ആകും. ഞാന്‍ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും ഞാന്‍ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരില്‍ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

കേസില്‍ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം തുടങ്ങി. വാദം മാറ്റി വയ്ക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യവും കോടതി തള്ളി. അന്തിമ തീര്‍പ്പിന് ശേഷവും പുനപരിശോധന ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡേക്കെതിരെ പ്രശാന്ത് ഭൂഷണ്‍ ട്വീറ്ററില്‍ കുറിച്ച വാക്കുകള്‍ കോടതി അലക്ഷ്യമാണെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

Top