കോൺഗ്രസ്സുകാരെ നടത്തിച്ച ‘ബുദ്ധികേന്ദ്രം’ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ!

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് പുതിയ ഒരു പരീക്ഷണം തന്നെയാണ്. ഈ യാത്രയ്ക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാകട്ടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമാണ്. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു എന്ന് പറയപ്പെടുന്ന ബുദ്ധികേന്ദ്രം തന്നെയാണ് മോദിയുടെ എതിരാളിക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തിരിക്കുന്നത്. ആന്ധ്രയെ ഇളക്കി മറിച്ച് വൈ.എസ് ജഗ്മോഹന്‍ റെഡ്ഡി മുന്‍പ് നടത്തിയ യാത്രയുടെ ബുദ്ധികേന്ദ്രവും പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു. ഈ യാത്ര ആന്ധ്ര ഭരണം പിടിക്കാന്‍ ജഗ്മോഹന്‍ റെഡ്ഡിയെ വലിയ രൂപത്തിലാണ് സഹായിച്ചിരുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ അനവധി വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന സമരരൂപമാണ് ബൂര്‍ഷ്യാ പാര്‍ട്ടികള്‍ക്കായി രാഷ്ട്രിയ തന്ത്രജ്ഞന്‍ കോപ്പിയടിച്ച് നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ നടക്കാനുള്ള തീരുമാനം എടുക്കുന്നത് പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ്. ഇത്തരത്തില്‍ ഒരു യാത്ര നടത്തുന്നതിന്റെ റിസ്‌ക്ക് മറ്റു മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് രാഹുലിന് മേല്‍ യാത്രയ്ക്കായി കൂടുതല്‍ സമര്‍ദ്ദം ചെലുത്തിയിരുന്നത്. വിശ്രമത്തിന് കൂടുതല്‍ സമയം അനുവദിച്ചതും കണ്ടയ്‌നര്‍ സൗകര്യം ഏര്‍പ്പെടുത്തിയതും നല്ല വെയിലുള്ള സമയത്തെ നടത്തം ഉപേക്ഷിച്ചതുമെല്ലാം നടക്കാന്‍ വിധിക്കപ്പെട്ട നേതാക്കളുടെ സൗകര്യം കൂടി മാനിച്ചാണ്. കമ്യൂണിസ്റ്റുകള്‍ കൊടും ചൂടിനെ വകവയ്ക്കാതെയും തെരുവില്‍ അന്തിയുറങ്ങിയുമാണ് കാല്‍നട ജാഥകള്‍ നടത്തിയതെങ്കില്‍ അത്രയ്ക്കും കഷ്ടപ്പാട് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം കര്‍ഷക സംഘടനയുടെ നാസിക്കില്‍ നിന്നും മുംബൈയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തന്നെ ഇതിന് ഒന്നാന്തരം ഉദാഹരണമാണ്.

യാഥാര്‍ത്ഥ്യം ഇതൊക്കെയാണെങ്കിലും പൊതുവെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞ് ശീലമില്ലാത്ത കോണ്‍ഗ്രസ്സുകാരെ റോഡിലിറക്കി നടത്തിച്ചു എന്നതാണ് ഭാരത ജോഡോ യാത്ര കൊണ്ട് സംഘടനാപരമായി കോണ്‍ഗ്രസ്സിന് ഉണ്ടായിരിക്കുന്ന വലിയ നേട്ടം. ഇതിനിടയിലും പല ശാരീരിക പ്രശ്‌നങ്ങള്‍ പറഞ്ഞ് നടക്കാതെ തലയൂരിയ നേതാക്കളും നിരവധിയാണ്. ഇവരുടെ ഒരു ലിസ്റ്റ് രാഹുലിനൊപ്പം നടന്നവര്‍ പിന്നീട് തയ്യാറാക്കി ഹൈക്കമാന്റിന് അയച്ചു കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒരു തരത്തിലുള്ള തടസ്സവും സൃഷ്ടിക്കില്ലങ്കിലും ബി.ജെ.പി മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ യാത്രയെ എങ്ങനെ കാണുമെന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്. ഗതാഗതക്കുരുക്ക് ഉണ്ടാക്കി മുന്നോട്ട് പോകുന്ന യാത്രയാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും കേരള സര്‍ക്കാര്‍ പകപോക്കല്‍ നിലപാട് സ്വീകരിച്ചിട്ടില്ലന്ന് മാത്രമല്ല സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്തിട്ടുള്ളത്.

ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതിന് കോര്‍പ്പറേഷന്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തത് സി.പി.എം നേതാവ് കൂടിയായ കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റാണ്. വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജു ഗോപി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവാദ വിഷയങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ആയുധമാക്കിയിട്ടും ഇത്തരമൊരു നിലപാട് സി.പി.എം നേതൃത്വം സ്വീകരിച്ചത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ വലിയ ഒരു സംഘമാണ് കേരള പര്യടനം പൂര്‍ത്തിയാകും വരെ രാഹുലിന്റെ യാത്രയ്ക്ക് സംരക്ഷണമൊരുക്കുന്നത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം തുടങ്ങിയാല്‍ നടക്കുന്നവര്‍ ശരിക്കും വെള്ളം കുടിക്കാനാണ് സാധ്യത. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും തമിഴ് നാട്ടിലെ ഡി.എം.കെ സര്‍ക്കാറും നല്‍കിയ സഹായമൊന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല

യാത്രയെ മൈന്റ് ചെയ്യാതെ വിടാനാണ് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമെങ്കില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ ജാഥ മുന്നോട്ട് പോകും മറിച്ചാണെങ്കില്‍ രാഹുലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും. സ്വന്തം പാര്‍ട്ടിയിലും പ്രതിപക്ഷ ചേരിയിലും ശക്തി വര്‍ദ്ധിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി നടത്തമെന്ന സാഹസത്തിന് മുതിര്‍ന്നിരിക്കുന്നത്. യാത്ര കശ്മീരില്‍ എത്തുന്നതോടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷവും അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളും പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ നടന്നളക്കുന്ന രാഹുല്‍ മോദിക്ക് ഒത്ത എതിരാളിയായി മാറുമെന്നതാണ് അവരുടെ വാദം.

പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ നെഹറു കുടുംബത്തിന് പുറത്തു നിന്നും ഒരാള്‍ എത്തണമെന്നതും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമെന്നതും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഉപദേശമാണ്. ഇത് അനുസരിച്ചാണ് സോണിയ ഗാന്ധിക്ക് പകരം നെഹറു കുടുംബത്തിന് പുറത്ത് നിന്നും പാര്‍ട്ടി അദ്ധ്യക്ഷനെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. കുടുംബ വാഴ്ച എന്ന ആരോപണത്തിന് തല്‍ക്കാലം തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടിയിലെ വിമതര്‍ക്ക് പോലും ഇനി ശബ്ദമുയര്‍ത്താന്‍ കഴിയില്ലന്നതാണ് രാഹുല്‍ അനുകൂലികളുടെ കണക്കു കൂട്ടല്‍. കോണ്‍ഗ്രസ്സിന്റെ അവകാശവാദങ്ങളും പ്രതീക്ഷകളും എന്തൊക്കെ ആയാലും ഭാരത് ജോഡോ യാത്ര വിജയകരമായി ജമ്മുവില്‍ സമാപിച്ചാല്‍ എന്തൊക്കെ പോരായ്മകള്‍ ഉണ്ടായാലും അത് രാഹുല്‍ ഗാന്ധിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മറിച്ചാണെങ്കില്‍ അത് കോണ്‍ഗ്രസ്സിനെ വലിയ പ്രതിസന്ധിയിലാണ് എത്തിക്കുക


EXPRESS KERALA VIEW

Top