എൻഡിടിവി ഡയറക്ടര്‍ ബോർഡിൽ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു

ദില്ലി: ന്യൂ ഡൽഹി ടെലിവിഷൻ ചാനലിന്റെ (എൻഡിടിവി) സ്ഥാപകരും പ്രമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനൽ പ്രമോട്ടർമാരായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവച്ചതായി കമ്പനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.  സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു.
എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളിൽ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫറുമായി രംഗത്തെത്തിയിരുന്നു. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.

ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആർആർപിഎല്ലിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ. എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാൻ അദാനിയെ പ്രാപ്തരാക്കും. എൻഡിടിവിയിൽ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ 32.26 ശതമാനം ഓഹരിയുണ്ട്.

Top