ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പ്: പ്രണോയ് പ്രീ ക്വാർട്ടറിൽ

മഡ്രിഡ്: ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്.പ്രണോയ് പ്രീക്വാർട്ടറിലെത്തി. മലേഷ്യയുടെ ഡാരൻ ല്യൂവിനെ 2–ാം റൗണ്ടിൽ മറികടന്നാണു പ്രണോയിയുടെ മുന്നേറ്റം (21–7, 21–17). പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കെ.ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ നേരത്തേ പ്രീക്വാർട്ടറിലെത്തിയിരുന്നു.

ആദ്യ ഗെയിം അനായാസം നേടിയ പ്രണോയിക്കു പക്ഷേ, 2–ാം ഗെയിമിൽ ല്യൂ വെല്ലുവിളി ഉയർത്തി. തുടക്കത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും സാവധാനം പ്രണോയ് ലീഡെടുത്തു. ഒടുവിൽ, ഗെയിമും കളിയും പിടിച്ചു. 42 മിനിറ്റിൽ കളി കഴിഞ്ഞു.

വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – എൻ.സിക്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടറിലെത്തി. ചൈനയുടെ ലിയു ഷുവാൻ – ഷിയ ടിങ് സഖ്യത്തെയാണു തോൽപിച്ചത് (21–11, 9–21, 21–13).

Top