പ്രേതവേഷമണിഞ്ഞ് പ്രാങ്ക് ഷോ; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

arrest

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ ‘പ്രാങ്ക്’ വീഡിയോകള്‍ക്ക് (തമാശ വീഡിയോകള്‍) പ്രേക്ഷകര്‍ നിരവധിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇരയാകുന്നവരും രസിക്കാറുണ്ട്. എന്നാല്‍ ഇതില്‍ പലതും ഭയപ്പെടുത്തുന്നതും ചിലപ്പോള്‍ ആളുകളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്നവയും ആയിരിക്കും.ഇത്തരത്തില്‍ പ്രാങ്ക് വേഷമണിഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തിയ യുവാക്കാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രേതവേഷമണിഞ്ഞ് തെരുവിലിറങ്ങിയ ഏഴ് യുവാക്കളെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഷാന് നല്ലിക്(22), നിവേദ്(20), സജീല് മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ് നബീല്(20), യൂസഫ് അഹമ്മദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു.യുവാക്കള്‍ പ്രേതവേഷമണിഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.

മൂന്ന് യുവാക്കള്‍ വെള്ള വസ്ത്രമണിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറെ ഭയപ്പെടുത്തുന്നതാണ് ഒരു വീഡിയോ. യുവാക്കളെ കണ്ടതും ഭയന്ന് ഓട്ടോറിക്ഷ പിന്നോട്ടെടുക്കുന്ന ഡ്രൈവറെയും വീഡിയോയില്‍ കാണാം. രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരെയും വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവരേയും പ്രേതവേഷത്തിലെത്തുന്ന യുവാക്കള്‍ പേടിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

Top