ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലെ പശ്ചാത്താപമാവാം അച്ഛന്റെ മരണം: മകള്‍

ഹൈദരാബാദ്: പ്രണയ് പെരുമല്ല വധക്കേസിലെ മുഖ്യപ്രതി മാരുതി റാവുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മകള്‍ അമൃതവര്‍ഷിണി.

തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലെ പശ്ചാത്താപം കൊണ്ടാകാം അച്ഛന്‍ ജീവനൊടുക്കിയതെന്ന് അമൃത പറഞ്ഞു. പ്രണയിന്റെ മരണശേഷം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും അച്ഛന്റെ മരണവിവരം ആരും അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം,മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അമൃത പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ആര്യവൈസ ഭവനില്‍ മാരുതി റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ എന്തിനാണ് ഹൈദരാബാദ് എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി സെയ്ഫാബാദ് എസിപി വേണു ഗോപാല്‍ റെഡി പറഞ്ഞു. മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം,ആത്മഹത്യയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

2018 സെപ്തംബറിലാണ് ഏറെ വിവാദങ്ങളുണ്ടാക്കിയ പ്രണയ്‌യുടെ ദുരഭിമാനകൊല നടന്നത്. മാരുതി റാവുവിന്റെ മകള്‍ അമൃതയുടെ ഭര്‍ത്താവ് പ്രണയിയെയാണ് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഒരു സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മരുമകനെ കൊല്ലാന്‍ മാരുതി റാവു ഒരു കോടി രൂപയ്ക്ക് കൊലയാളികളെ വാടകയ്ക്ക് എടുത്ത വിവരം പുറത്ത് വരുന്നത്. ആ കേസ് വിചാരണഘട്ടത്തിലാണ്.

വൈശ്യ സമുദായ അംഗമായ റാവുവിന്റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം മാരുതി റാവുവിന്റെ ആരോപിക്കപ്പെട്ട സ്ഥലത്തെ ഷെഡ്ഡില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയരുന്നു. എന്നാല്‍ ആ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top