‘ഹൃദയം’ കവർന്ന് പ്രണവിന്റെ ദര്‍ശനാ. . ഒരു കോടിയിലധികം കാഴ്ചക്കാര്‍

താരപുത്രന്റെ ‘ഹൃദയ’ ത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ദര്‍ശനാ’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിത ജനഹൃദയങ്ങള്‍ കീഴടക്കി വീണ്ടും ‘ദര്‍ശന’ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് അണിയറപ്രവര്‍ത്തകര്‍ ‘ഹൃദയ’ ത്തിലെ ആദ്യ ഗാനം പുറത്തുവിട്ടത്. പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഗാനം റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കോടിയിലധികം (1,05,03,662) കാഴ്ച്ചക്കാരാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ‘ഹൃദയ’ത്തിന് കൈവരിച്ച നേട്ടം പ്രണവ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ടീസറും പുറത്തിറങ്ങിയിരുന്നു. കോളജ് ജീവിതത്തിന് ശേഷം പിരിയാന്‍ ഒരുങ്ങുന്ന പ്രണവും ദര്‍ശനയും ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു ടീസറില്‍. ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വച്ചുള്ള ഇരുവരുടെയും വൈകാരിക നിമിഷങ്ങള്‍ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. മനോഹരമായൊരു പ്രണയ കഥയാകും ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. കൈതപ്രം, വിനീത്, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം. ദര്‍ശനയെ കൂടാതെ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ഒരു പ്രധാന വേഷത്തില്‍ലെത്തുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനറായിരുന്ന മെറിലാന്‍ഡിന്റെ നീണ്ട 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ‘ഹൃദയം’.

വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജും, സംഘട്ടനം മാഫിയ ശശിയും, ചമയം ഹസന്‍ വണ്ടൂരും നിര്‍വ്വഹിക്കും. അനില്‍ എബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ആന്റണി തോമസ് മാങ്കാലി അസോസിയേറ്റ് ഡയറക്ടറുമാണ്. 2022 ജനുവരി 21നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

 

Top