‘രണ്ടാമൂഴം’ അഭിമന്യുവായി പ്രണവ് ലാല്‍, അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും !

ന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ നായകനായ ‘രണ്ടാമൂഴം’ സിനിമയില്‍ അഭിമന്യുവിന്റെ കഥാപാത്രത്തെ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന.

പ്രണവുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തിയതായും അദ്ദേഹവും ലാലും സമ്മതംമൂളി കഴിഞ്ഞതായുമാണ് ലഭിക്കുന്ന വിവരം.

1000 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രത്തിന് 100 ഏക്കര്‍ സ്ഥലത്താണ് സെറ്റിടുന്നത്. സിനിമാ ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം പ്രദര്‍ശന നഗരിയാക്കി മാറ്റാനാണ് തീരുമാനം.

ബാഹുബലി സിനിമക്കായി കോടികള്‍ മുടക്കി നിര്‍മ്മച്ച കൊട്ടാരം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശന ശാലയായി ആന്ധ്രയില്‍ മാറ്റിയത് വന്‍ വിജയമാവുകയും ഇപ്പോഴും സന്ദര്‍ശകര്‍ ഒഴുകുകയും ചെയ്യുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം.

അടുത്ത വര്‍ഷം തന്നെ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാലും സംവിധായകന്‍ ശ്രീകുമാരമോനോനും വ്യക്തമാക്കി കഴിഞ്ഞതിനാല്‍ ആരാധകര്‍ ത്രില്ലിലാണ്.

എം.ടി വാസുദേവന്‍ നായരുടെ ലോക പ്രശസ്തമായ കൃതിയായ രണ്ടാമൂഴം മഹാഭാരത കഥയുടെ പശ്ചാത്തലത്തിലാണ് തിരക്കഥാ രൂപത്തിലാക്കിയിരിക്കുന്നത്. പാണ്ഡവരില്‍ രണ്ടാമനായ ഭീമനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ സഞ്ചാരം.

മഹാഭാരതത്തിലെ ത്രില്ലിങ്ങ് കഥാപാത്രമായ അഭിമന്യുവിനെ ആര് അവതരിപ്പിക്കും എന്ന ചര്‍ച്ച വന്നപ്പോള്‍ തന്നെ പ്രണവ് മോഹന്‍ലാലിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.

അച്ഛന്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവിനെ സംബന്ധിച്ച് കരിയറിലെ വലിയ വെല്ലുവിളി കൂടി ആയിരിക്കും.

തെന്നിന്ത്യന്‍, ബോളിവുഡ് താരങ്ങളും ചില ഹോളിവുഡ് താരങ്ങളും രണ്ടാമൂഴത്തിന്റെ ഭാഗമാകും. ഹോളിവുഡ് ത്രില്ലിങ് ‘ഗ്ലാഡിയേറ്ററിനെയും’ കവച്ചുവയ്ക്കുന്ന മേയ്ക്കിങ്ങ് ഉറപ്പു വരുത്താന്‍ ഹോളിവുഡ് സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുക.

പ്രമുഖ വ്യവസായിയായ നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടിയെ സംബന്ധിച്ചും രണ്ടാമൂഴം ചരിത്ര സംഭവമാകേണ്ടത് അഭിമാന പ്രശ്‌നം കൂടിയാണ്. ലോക വ്യാപകമായ വിതരണം ലക്ഷ്യമിട്ട് വിവിധ ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുക.

‘ ചിത്രീകരണത്തിനു മുന്‍പ് ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തേണ്ട’ രണ്ടാമൂഴത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നതായി മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് : സൗമ്യ രഞ്ജിത്ത്

Top