പ്രണബ് മുഖര്‍ജിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി

ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയ, കോവിഡ് എന്നിവയെ തുടര്‍ന്നു ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്ന് ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയം അച്ഛനെ ഓര്‍ത്ത് അഭിമാനിച്ചുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം വിഷമഘട്ടത്തെയാണ് താന്‍ നേരിടുന്നതെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്യുന്നു.

”കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് അച്ഛന് ഭാരത് രത്ന പുരസ്‌കാരം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം ഗുരുതര അവസ്ഥയിലായിരിക്കുകയാണ്. അദ്ദേഹത്തിന് നല്ലത് എന്താണോ അത് ദൈവം ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു”, ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തു.

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പ്രണബ് മുഖര്‍ജിയുടെ തലച്ചോറില്‍ രക്തം കട്ട പിടിച്ചത് കഴിഞ്ഞ ദിവസം വിജയകരമായി നീക്കിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്നാണു മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ സൈനിക റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രണബ് കഴിയുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അതീവ ഗുരുതരമായ നില തുടരുകയാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

Top