Pranab Mukharjee says about Indira Gandhi

ന്യൂഡല്‍ഹി: 1984ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഖാലിസ്ഥാന്‍ ഭീകരരെ തുരത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയ്ക്ക് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇക്കാര്യം അവര്‍ തന്നോട് പങ്ക് വച്ചിട്ടുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ആത്മകഥയുടെ രണ്ടാം ഭാഗമായ ടര്‍ബുലന്റ് ഇയേഴ്‌സിലാണ് പരാമര്‍ശം. ഇന്ദിരാഗാന്ധിയുടെ അവസാന മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി.

സുവര്‍ണ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഖാലിസ്ഥാന്‍ വിഷയവും ചര്‍ച്ച ചെയ്ത പല യോഗങ്ങളിലും അദ്ധ്യക്ഷത വഹിച്ചത് താനാണെന്ന് പ്രണബ് മുഖര്‍ജി വ്യക്തമാക്കുന്നു.

ആഭ്യന്തര, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി.വി.നരസിംഹ റാവുവായിരുന്നു ഭൂരിഭാഗം യോഗങ്ങളിലും അദ്ധ്യക്ഷത വഹിച്ചത്. എല്ലാ യോഗത്തിന്റേയും മിനുട്ട്‌സ് പ്രധാനമന്ത്രിയ്ക്ക് അയച്ചുകൊടുത്തിരുന്നു. സൈനിക നടപടിയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ അനുരഞ്ജന ശ്രമങ്ങളും ചര്‍ച്ചകളും സര്‍ക്കാര്‍ നടത്തിയിരുന്നു. അകാലിദളിന്റെ നിലപാടാണ് ചര്‍ച്ച വിജയിയ്ക്കുന്നതിന് തടസമായതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ഭീകരസംഘടനകള്‍ക്ക് രാഷ്ട്രീയമായ സംരക്ഷണം നല്‍കിയത് അകാലി ദള്‍ ആയിരുന്നുവെന്ന് പ്രണബ് പറയുന്നു. 1984 മെയ് മാസത്തോടെ സൈനിക നടപടിയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയിലേയ്ക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. ജൂണ്‍ മൂന്നിനായിരുന്നു സൈനിക നടപടി. സാമുദായി കലാപത്തിലേയ്ക്ക് സ്ഥിതിഗതികള്‍ നയിക്കുമോ എന്ന ആശങ്ക തങ്ങളെയെല്ലാം ബാധിച്ചിരുന്നു.

പ്രണബ്, ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് എനിയ്ക്കറിയാം എന്ന് ഇന്ദിര തന്നോട് പറഞ്ഞതായി പ്രണബ് മുഖര്‍ജി പറയുന്നു. തന്റെ ജീവന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നടക്കം മനസിലാക്കിയ ശേഷം തന്നെയാണ് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ദിര ഗാന്ധി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സൈനിക നടപടി ഒഴിവാക്കാമായിരുന്നു എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ ആ സമയത്ത് പഞ്ചാബിലുണ്ടായിരുന്ന അസാധാരണ സ്ഥിതിഗതി വേറെ വഴിയൊന്നും ബാക്കി വച്ചിരുന്നില്ലെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെടുന്നു.

Top