മാനഹാനി ; ബിജെപി എംപിക്കെതിരെ ഒരു രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടന്‍ പ്രകാശ് രാജ്

prakashraj

ബെംഗളൂരു: വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി എംപിക്കെതിരെ നടന്‍ പ്രകാശ് രാജ് മാനനഷ്ടത്തിന് കേസ്
നല്‍കി.

കഴിഞ്ഞ ദിവസമാണ് ബിജെപി എംപി പ്രതാപ് സിന്‍ഹയ്‌ക്കെതിരെ പ്രകാശ് രാജ് കേസ് കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി “ഒരു രൂപ”യാണ് പരാതിയില്‍ പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രകാശ് രാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബിജെപി എംപി നേരത്തെ, സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.

‘പ്രകാശ് രാജിന്റെ കുടുംബപരമായ കാര്യങ്ങളും മരണപ്പെട്ട മകനെ പരാമര്‍ശിച്ചും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിരുന്നു. ‘മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണോ താങ്കള്‍, ഒരു ഡാന്‍സറുടെ പിറകെ ഭാര്യ പോയതില്‍ ദുഖിതനാണോ, മോദിയോടും യോഗിയോടും സംസാരിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്ക് ഉളളത്’, ഇതായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം.

വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, താങ്കള്‍ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കൂ എന്നും ജനങ്ങളുടെ മനസില്‍ നിന്ന് ഇക്കാര്യം ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കൊടുത്തത് പണത്തിന് വേണ്ടിയല്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാകണമെന്നും പ്രകാശ് രാജ് പ്രതികരിച്ചു.

Top