‘നിങ്ങള്‍ ശക്തനായി നില്‍ക്കുമെന്ന് ഉറപ്പ്’; സിദ്ധാര്‍ഥിനെ പിന്തുണച്ച് പ്രകാശ് രാജ്

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി പ്രകാശ് രാജ്. ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കുമെന്നും താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാര്‍ഥ് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും താരം കുറിച്ചു.

‘ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലീക്ക് ചെയ്‌തെന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറും റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

 

Top