‘ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്നു’ ഭീമഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും തമിഴ് നടന്‍ പ്രകാശ് രാജ്.

‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ദിലീപ് വിഷയത്തില്‍ ഞാന്‍ സംഘടനയ്‌ക്കെതിരെയാണ്. പക്ഷേ, അതും ഇതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.!’പ്രകാശ് രാജ് പറഞ്ഞു.

ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ അടക്കം വിവിധ മേഖലകളിലെ 107 ഓളം പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്നു ആദ്യം പ്രതിഷേധവുമായി എത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നില്‍. നേരത്തെ ജൂറി അംഗവും സംവിധായകനുമായ ഡോ. ബിജു സര്‍ക്കാര്‍ നടപടിക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top