കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്

Prakash raj

ബെംഗളൂരു : കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരത്തില്‍ വരണമെന്ന് നടനും ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്നും, കോണ്‍ഗ്രസില്ലാത്ത സഖ്യമാണ് കേന്ദ്രത്തില്‍ വേണ്ടതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. പരാജയപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിലയാളുകള്‍ പറയുന്നത് എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കില്ലെന്നാണ്. എന്നാല്‍ എനിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് ലഭിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ജനങ്ങള്‍ മറ്റൊരു മാര്‍ഗം നോക്കുകയാണെന്നാണ്. കാരണം താനൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഞാനൊരിക്കലും തനിച്ചല്ല. എനിക്ക് ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. തമിഴ്, തെലുങ്ക് സംഘടനകളുടേയും ജെഡിഎസിന്റേയും പ്രവര്‍ത്തകര്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പകരക്കാരനെയാണ് വേണ്ടതെന്ന് താന്‍ മനസിലാക്കിയതായും അദ്ദേഹം വിശദീകരിച്ചു.

Top