‘ജയ് ഭീമി’ലെ രംഗം; വിവാദത്തില്‍ പ്രതികരിച്ച് പ്രകാശ് രാജ്

ടി ജെ ജ്ഞാനവേല്‍ ചിത്രം ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ജയ് ഭീം എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഈ വിവാദം സൃഷ്ടിക്കുന്നവര്‍ക്ക് ഒന്നും തന്നെ പറയുവാനില്ല. ഒരു രംഗത്തിന്റെ പേരില്‍ മാത്രം പ്രതികരിക്കുന്നത് അവരുടെ അജണ്ട വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ‘ജയ് ഭീം എന്ന സിനിമ കണ്ടിട്ട്, ആദിവാസികളുടെ പ്രശ്നങ്ങളോ, അവര്‍ നേരിടുന്ന അനീതിയോ അല്ല അവര്‍ കാണുന്നത്. ആ തല്ല് മാത്രമാണ് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് അവരുടെ അജണ്ട വെളിപ്പെടുത്തുന്നു. ഹിന്ദി തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ തെക്കേ ഇന്ത്യക്കാര്‍ക്ക് നല്ല രോഷമുണ്ട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിന് വേണ്ടി, പ്രാദേശിക ഭാഷ അറിയാവുന്ന ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ കേസ് അന്വേഷിക്കുന്ന ഒരു പൊലീസുകാരന്‍ പിന്നെ എങ്ങനെയാണ് പെരുമാറുക’, പ്രകാശ് രാജ് ചോദിക്കുന്നു.

പൊലീസ് വേഷത്തിലെത്തുന്ന പ്രകാശ് രാജ് ചോദ്യം ചെയ്യലിനിടെ ഹിന്ദിയില്‍ സംസാരിക്കുന്ന കഥാപാത്രത്തിന്റെ മുഖത്തടിച്ച് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതാണ് വിവാദ രംഗം. മലയാളമുള്‍പ്പടെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കഥാപാത്രത്തോട് തമിഴിന് പകരം മറ്റ് പ്രാദേശിക ഭാഷകള്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്ന രീതിയില്‍ രംഗത്തിന് മാറ്റം വരും. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കഥാപാത്രത്തിന്റെ മുഖത്തടിച്ച് ‘സത്യം പറയണം’ എന്നാണ് പ്രകാശ് രാജ് ആവശ്യപ്പെടുന്നത്.

 

Top