പൗരത്വ രജിസ്റ്ററല്ല, തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ് വേണ്ടത്: പ്രകാശ് രാജ്

ബംഗളൂരു: കേന്ദ്ര സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്തിന് മൂവായിരം കോടി രൂപ വിലമതിക്കുന്ന പ്രതിമകളല്ല വേണ്ടത്, തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹൈദരാബാദില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സമരം അക്രമാസക്തമാകുന്നതാണ് എന്നാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ സര്‍ക്കാരിന് വളമാകുന്ന തരത്തില്‍ പെരുമാറരുതെന്നും അക്രമരഹിത പാത സ്വീകരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം’-പ്രകാശ് രാജ് പറഞ്ഞു.

അതേസമയം, അസമിലെ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. ഒരു മുസ്ലിം ആയതുകൊണ്ട് കാര്‍ഗില്‍ യുദ്ധവീരന്റെ പേര് പോലും എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും താരം കുറ്റപ്പെടുത്തി.

നേരത്തെയും പലതവണ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രകാശ് രാജ് പരസ്യമായി പ്രതികരിച്ചിരുന്നു.

Top