തെരഞ്ഞെടുപ്പ് ചട്ടലംഘനം: പ്രകാശ് രാജിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേസെടുത്തു

ബെംഗളൂരു: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേസെടുത്തു.

മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ പ്രകാശ് രാജ് വോട്ടഭ്യര്‍ഥിച്ചതിനെതിരെയാണ് കേസെടുത്തത്. ഫ്‌ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കഴിഞ്ഞ മാര്‍ച്ച് 12നാണ് മഹാത്മാഗാന്ധി സര്‍ക്കിളില്‍ പൊതു പരിപാടിയില്‍ പ്രകാശ് രാജ് മൈക്കുപയോഗിച്ച് സംസാരിച്ചത്.മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിലായിരുന്നു പരിപാടി. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും പങ്കെടുത്ത ചടങ്ങില്‍ പ്രകാശ് രാജ് മൈക്കിലൂടെ വോട്ടഭ്യര്‍ഥന നടത്തിയെന്നാണ് പരാതി.

പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ചിലര്‍ അയക്കുകയും ചെയ്തിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് നടന്‍ പ്രകാശ് രാജ്.

Top