ബിജെപി അധികാരത്തിലെത്തിയാലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ല; പ്രകാശ് രാജ്‌

Prakash-Raj

ഉഡുപ്പി: കര്‍ണാകയില്‍ ബിജെപിക്കും യെഡിയൂരപ്പക്കുമെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി അധികാരത്തിലെത്തിയാല്‍പ്പോലും യെഡിയൂരപ്പ മുഖ്യമന്ത്രിയാകില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്.

”യെഡിയൂരപ്പയേക്കാള്‍ മികച്ചയാള്‍ സിദ്ധരാമയ്യയാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നിരവധി നല്ല കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനമില്ലാത്ത വ്യക്തിയാണ് യെഡിയൂരപ്പ. അധികാരം കിട്ടിയാല്‍ പോലും യെഡിയൂരപ്പ മൂന്നു മാസം പോലും മുഖ്യമന്ത്രിയായി ഇരിക്കില്ല”.-പ്രകാശ് രാജ് പറഞ്ഞു.

ഹിന്ദുക്കളോട് യാതൊരു വിദ്വേഷവുമില്ല. ഇന്ത്യക്കാര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കണം എന്ന ആഗ്രഹം മാത്രമാണുള്ളത്. എന്നാല്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഹിന്ദുക്കളെ നയിക്കാന്‍ ബിജെപി കരാര്‍ എടുത്തിട്ടുണ്ടോ? എന്തിനാണ് ബിജെപി നേതാക്കള്‍ പതിവായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്? പ്രകാശ് രാജ് ചോദിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ബിജെപി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയുണ്ട്. ജനാധിപത്യ പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ അവര്‍ ഒരിക്കലും സമ്മതിക്കില്ല. മെയ് 12ന് മുന്‍പ് സംസ്ഥാനത്ത് വലിയ സംഘര്‍ഷം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പ്രകാശ് രാജ് ആശങ്ക പ്രകടിപ്പിച്ചു.

ബിജെപി അധികാരത്തിലെത്തിയ ഉത്തര്‍പ്രദേശും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വലിയ സംഘര്‍ഷങ്ങളുണ്ടാക്കി. ലെനിന്റെ പ്രതിമ തകര്‍ത്തു. അക്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടും ജനങ്ങളെ വിഘടിപ്പിക്കുന്നതിന് വര്‍ഗീയ വിഷം കുത്തിവെച്ചുമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

Top