ചുവപ്പിനെ പ്രണയിച്ച് നടൻ പ്രകാശ് രാജും ! ഇനി ഏക പ്രതീക്ഷ ഡി.വൈ.എഫ്.ഐ യിൽ

ബംഗളുരു: സി.പി.എം നേതാക്കളെ ഹീറോ ആയി കാണുന്ന കമല്‍ ഹാസന് പിന്നാലെ ചുവപ്പിനെ പ്രണയിച്ച് പ്രമുഖ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്.

ഡി.വൈ.എഫ്.ഐ കര്‍ണ്ണാടക സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം യുവജന സംഘടനയെ കുറിച്ച് പ്രകാശ് രാജ് വാചാലനായത്.

യുവജനതയുടെ പ്രതീക്ഷയാണ് ഡി.വൈ.എഫ്.ഐയെന്നും സമൂഹത്തിനുവേണ്ടി തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

ഇത്രയധികം യുവാക്കള്‍ രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത് അഭിമാനകരമാണെന്നും തിങ്ങി കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി താരം വ്യക്തമാക്കി.

രാജ്യം സുപ്രധാനമായി പരിഹരിക്കേണ്ട നിരവധി പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നിസാര വിഷയങ്ങളില്‍ പ്രതികരിക്കുന്ന തിരക്കിലാണ് നാടിപ്പോള്‍.

പ്രകോപനങ്ങളിലുടെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഗൂഢ കേന്ദ്രങ്ങളുടെ നീക്കം തിരിച്ചറിയണം.

നമ്മുടെ രാജ്യം ദുരിതം നേരിടുന്നത് നമ്മുടെ തെറ്റുകള്‍ കൊണ്ടാണ്. തെറ്റായ കരങ്ങളില്‍ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചതാണ് വലിയ തെറ്റ്.

ഇതിനെതിരായ ശക്തമായ പോരാട്ടമാണ് യുവാക്കള്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തുടങ്ങിയിരിക്കുന്നത്. ഈ പോരാട്ടത്തിനൊപ്പം താനും ഉണ്ടാകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പല്ല, സെക്രട്ടറി ബി.രാജശേഖരമൂര്‍ത്തി, സി.ഐ.ടി.യു നേതാവ് മീനാക്ഷി സുന്ദരം, ആര്‍.ശ്രീനിവാസ് എന്നിവരും പ്രസംഗിച്ചു.

Top