prakash karat wtites deshabhimani

karat

കൊച്ചി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍, രാഷ്ട്രീയമായാലും സാമ്പത്തികമായാലും വര്‍ഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ ചായ്‌വ് ശരിയായി വിലയിരുത്തേണ്ടതുണ്ട്. ഇതിനെ ഫാസിസമെന്നോ വര്‍ഗീയ ഫാസിസമെന്നോ (ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപഭേദം) വിളിക്കാമോ? ഇവ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ടോ? എന്നിങ്ങനെയുളള ചോദ്യങ്ങളോടെയാണ് കാരാട്ടിന്റെ ലേഖനം ആരംഭിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തലെ വലതുപക്ഷ ചായ്‌വിനെ വിശദീകരിച്ചാല്‍ മാത്രമേ മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും കഴിയൂ. ഇതിനായി ബിജെപിയുടെ സ്വഭാവം എന്താണെന്ന് ആദ്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടി മാത്രമല്ല ബിജെപി.

രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആര്‍എസ്എസ്) ബന്ധമുള്ള പാര്‍ട്ടിയാണത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ പാര്‍ട്ടി.അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ബിജെപി ഒരു പിന്തിരിപ്പന്‍ പാര്‍ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാസിസ്റ്റ് പാര്‍ടിയെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കാരാട്ട് പറയുന്നു

രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്‍ ആവശ്യമായിട്ടുള്ളത് വര്‍ഗീയതയ്‌ക്കെതിരെ വിപുലമായ ജനാധിപത്യമതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ്. അതോടൊപ്പം ജനകീയപ്രസ്ഥാനങ്ങളും വര്‍ഗസമരവും അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷജനാധിപത്യശക്തികളുടെ രാഷ്ട്രീയസഖ്യവും കെട്ടിപ്പടുക്കണം. ഈ ദ്വിമുഖസമീപനത്തിലൂടെ മാത്രമേ വലതുപക്ഷശക്തികളെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുവെന്നും വ്യക്തമാക്കിയാണ് കാരാട്ട് ലേഖനം അവസാനിപ്പിക്കുന്നത്.

ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാസിസ്റ്റ് അല്ലെന്നു പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണെന്ന് കാരാട്ട് കഴിഞ്ഞയാഴ്ചയും പറഞ്ഞിരുന്നു. ഇതേറെ വിവാദമായിരുന്നു. പിന്നാലെയാണ് കാരാട്ട് വീണ്ടും നിലപാട് ആവര്‍ത്തിച്ചെത്തിയത്.

Top