Prakash karat-vs achuthanandan

prakash karat

ന്യൂഡല്‍ഹി: വിഎസിന്റെ ജനപിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

തമിഴ്‌നാട്ടിലെപ്പോലെ ഏതെങ്കിലും നേതാക്കളുടെ പിന്നില്‍ അണിനിരക്കുന്നവരല്ല കേരളത്തിലുള്ളത്. പതിറ്റാണ്ടുകളുടെ സമരപോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും മഹത്തായ പാരമ്പര്യമാണ് വിഎസിനെ കേരളത്തിലെ ഏറ്റവും ജനകീയ നേതാവാക്കിയതെന്നും കാരാട്ട് പറഞ്ഞു.

കേരളത്തില്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. ഇക്കാര്യം കേന്ദ്രക്കമ്മിറ്റി തീരുമാനിക്കും. ജാഥ നടത്തിയതുകൊണ്ട് പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കൂവെന്നും കാരാട്ട് അറിയിച്ചു.

കേരളത്തിലും ബംഗാളിലും സിപിഐഎമ്മിന് രണ്ട് നയം സാധ്യമല്ല. പ്രാദേശികകക്ഷികള്‍ പെരുമാറുന്നത് പോലെ ഓരോ സംസ്ഥാനത്തും അവിടവിടെയുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് അടവുനയം സ്വീകരിക്കാന്‍ സിപിഎമ്മിനെ പോലൊരു ദേശീയപാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുമായുള്ള ഏതെങ്കിലും തരത്തിലുള്ള സഖ്യനീക്കം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെതിരാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ബംഗാളിലെ സിപിഎം സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം പരിഗണിക്കാനുള്ള കേന്ദ്രക്കമ്മിറ്റി ഇന്ന് നടക്കാനിരിക്കെയാണ് കാരാട്ടിന്റെ പ്രതികരണം.

Top