രാജ്യത്തെ 52 സ്‌കൂളുകള്‍ക്ക് ശുചിത്വ വിദ്യാലയ പുരസ്‌ക്കാരങ്ങള്‍

mp-school

ന്യൂഡല്‍ഹി: രാജ്യത്തെ 52 സ്‌കൂളുകള്‍ക്ക് ഈ വര്‍ഷത്തെ ശുചിത്വ വിദ്യാലയ പുരസ്‌ക്കാരം നല്‍കി. ഡല്‍ഹിയിലെ ഡോ.അംബേദ്ക്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവാ ക്യാംപെയിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാനവവിഭവ ശേഷി സഹമന്ത്രി ഡോ.സത്യപാല്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തു.

2016-17 ലാണ് ശുചിത്വ രംഗത്ത് മികവ് പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ആറ് ലക്ഷം സ്‌കൂളുകളാണ് പുരസ്‌ക്കാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.

പുരസ്‌ക്കാരം ലഭിച്ച സ്‌കൂളുകളില്‍ 37 എണ്ണം ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവയും 15 എണ്ണം നഗരത്തിലുള്ളവയുമാണ്. 45 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ അവാര്‍ഡ് വാങ്ങിയപ്പോള്‍ 7 സ്വകാര്യ സ്‌കൂളുകള്‍ മാത്രമാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. 24 എണ്ണം എല്‍.പി വിഭാഗം സ്‌കൂളുകളും 28 എണ്ണം ഹൈസ്‌കൂള്‍ വിഭാഗവുമാണ്.

5 കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയങ്ങളും 2 നവോദയ വിദ്യാലയങ്ങളും പുരസ്‌ക്കാരം ഏറ്റുവാങ്ങി. 50,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌ക്കാരം. പുതുച്ചേരി, തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം സ്‌കൂളുകള്‍ എത്തിയത്.

Top