ആര്‍എസ്എസിനെതിരായ പിണറായിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ അസംബന്ധമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.

14 കൊലപാതകങ്ങളാണ് പിണറായി ഭരണം ഏറ്റടുത്തതിന് ശേഷം കേരളത്തില്‍ ഉണ്ടായതെന്നും, സിപിഐഎം ആര്‍എസ്എസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാളെ പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്റെ പദയാത്ര ബിജെപി പ്രസിഡന്റ് അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നും, കണ്ണൂരിലെ പര്യടനങ്ങളില്‍ മൂന്ന് ദിവസം അമിത് ഷാ പങ്കെടുക്കുമെന്നും ജാവദേക്കര്‍ അറിയിച്ചു.

ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നും ആര്‍എസ്എസ് തലവന്‍ വിജയദശമി ദിവസം കേരളത്തെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോട് പ്രതികരിക്കവെ പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കേരളവും ബംഗാളും ജിഹാദി ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. എന്നാല്‍, വര്‍ഗീയശക്തികളെ വര്‍ഗീയശക്തികളായും ക്രിമിനല്‍കുറ്റത്തെ അതായും തീവ്രവാദപ്രവര്‍ത്തനത്തെ അങ്ങനെയും കാണുന്ന നാടാണ് കേരളമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Top