സഹായ ഹസ്തം നീട്ടുന്നവരുടെ സംഭാവന അളക്കരുത്; വിമര്‍ശനത്തിന് മറുപടിയുമായി ഓജ

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംഭാവനയുടെ വലിപ്പം നോക്കി വിമര്‍ശിക്കുന്നതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ രംഗത്ത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാന്‍ ആളുകള്‍ സന്നദ്ധരാകുന്നു എന്നതാണ് പ്രധാനം. അതിനിടെ അവര്‍ നല്‍കുന്ന സംഭാവനയുടെ വലിപ്പം നോക്കി വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ഓജ ചൂണ്ടിക്കാട്ടി.

ഒരു എന്‍ജിഒയുടെ നേതൃത്വത്തിലുള്ള ക്രൗഡ് ഫണ്ടിങ്ങിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നല്‍കിയ ഒരു ലക്ഷം രൂപ കുറഞ്ഞുപോയെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓജയുടെ ട്വീറ്റ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സഹായ ഹസ്തം നീട്ടി രംഗത്തെത്തുന്നവരെ നല്‍കുന്ന സംഭാവനയുടെ വലിപ്പത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നത് ശരിയല്ല. സഹായത്തെ സഹായമായി കാണുക. അത് അളക്കാന്‍ നില്‍ക്കരുത്. മറിച്ച് അവരോടു നന്ദി പ്രകാശിപ്പിക്കുകയാണ് ചെയ്യേണ്ടത്’ പ്രഗ്യാന്‍ ഓജ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണാതീതമായി തുടരുന്നതിനിടെ സംഭാവനകളുമായി ഒട്ടേരെ കായിക താരങ്ങളും സംഘടനകളുമാണ് രംഗത്തെത്തിയത്.

Top