ജാഗ്രത ! വിഷവാതകം ദുരന്തം സൃഷ്ടിച്ച ഭോപ്പാലിൽ നിന്നും വീണ്ടുമൊരു ഉഗ്രവിഷം . . . !

വിഷം തുപ്പുന്ന ഈ കാവി നരേന്ദ്ര മോദിയുടെ പിന്‍ഗാമിയോ ? പ്രഗ്യ സിങ്ങിനെ ചുറ്റിപറ്റി ദേശീയ രാഷ്ട്രീയം ഇപ്പോള്‍ കലങ്ങിമറിയുകയാണ്.

ഗുജറാത്ത് കലാപമാണ് നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. റോമ സാമ്രാജ്യം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോടായിരുന്നു മോദിയെ കലാപ നാളുകളില്‍ താരതമ്യം ചെയ്തിരുന്നത്.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യസിങ്ങ് ഠാക്കൂറാകട്ടെ മോദിയേക്കാള്‍ കടുത്ത ഹിന്ദുത്വ വാദിയായാണ് അറിയപ്പെടുന്നത്. ഗുരുതരമായ ബോംബ് സ്‌ഫോടന കേസില്‍ ജയിലിലടക്കപ്പെട്ടിരുന്ന പ്രഗ്യയെ ഭോപ്പാലില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച സംഭവമാണ്.

ഈ തീരുമാനം കടുത്തതായി പോയി എന്ന അഭിപ്രായം ബി.ജെ.പി അനുകൂലികള്‍ക്കിടയില്‍ പോലും ഉയര്‍ന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.സ്ഥാനാര്‍ത്ഥിയായ ഉടനെ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന അഭിപ്രായപ്രകടനമാണ് പ്രഗ്യസിങ് നടത്തിയിരുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കര കൊല്ലപ്പെട്ടത് താന്‍ ശപിച്ചത് കൊണ്ടായിരുന്നു എന്നായിരുന്നു ആ വാക്കുകള്‍.തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കര്‍ക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നുമാണ് പ്രഗ്യ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചത്.

പാക്ക് ഭീകരരുടെ വെടിയേറ്റ് മരിച്ച പൊലിസ് ഓഫീസറുടെ ധീര രക്തസാക്ഷിത്വത്തെ അപമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളും പ്രസ്താവനയില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് ദേശീയ നേതൃത്വത്തെ അറിയിക്കുകയുണ്ടായി. ജനവികാരം എതിരാകുമെന്ന ഭയം ബി.ജെ.പി ദേശീയ നേതൃത്വത്തിലും ശക്തമായിരുന്നു.

ഇതേ തുടര്‍ന്നാണ് ഒടുവില്‍ ഗത്യന്തരമില്ലാതെ പറഞ്ഞ വാക്കുകള്‍ തന്നെ പ്രഗ്യസിങിന് പിന്‍വലിക്കേണ്ടി വന്നത്. എന്നാല്‍ ഈ തിരിച്ചടിയും പ്രതിഷേധവും ഒന്നും വിഷം തുപ്പുന്ന തന്റെ നാവുകളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രഗ്യ സിങ്ങിന്റെ പുതിയ പ്രതികരണം.

ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ അവകാശപ്പെടുന്നത്.മസ്ജിദ് പൊളിച്ചതിലൂടെ രാജ്യത്തെ കളങ്കമാണ് തുടച്ച് നീക്കിയതെന്നും അവിടെ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ഈ കാവി രാഷ്ട്രിയക്കാരി കലി തുള്ളുന്നു.അത്യന്തം അപകടകരമായ തീവ്രഹിന്ദുത്വ നിലപാടിലേക്ക് വീണ്ടും ബി.ജെ.പി പോകുന്നതിന്റെ സൂചനകുടിയാണിത്. വിഷവാതകം ശ്വസിച്ച് നിരവധി പേര്‍ മരണമടഞ്ഞ ഭോപ്പാലില്‍ നിന്നുമാണ് വീണ്ടും പ്രഗ്യസിങിലൂടെ ‘വിഷവാതകം’ വമിക്കുന്നത്. ഇത് രാജ്യവ്യാപകമായി പടര്‍ത്തി കലാപത്തിന് തിരികൊളുത്തിക്കാനുള്ള നീക്കമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തിന്റെ മതേതര മനസ്സുകളെ ഭയപ്പെടുത്തുന്ന നീക്കമാണിത്. ഈ കൊടും തീവ്രവാദിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക വഴി ആര്‍.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിടുന്നതും കാവി രാഷ്ട്രീയമാണ്. മോദിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥല്ല പ്രഗ്യസിങ് ഠാക്കൂറാണ് എന്ന സന്ദേശം കൂടി ഇതുവഴി സംഘ പരിവാര്‍ നല്‍കുന്നുണ്ട്.

പ്രതിപക്ഷ ചേരി ശക്തമായതോടെ തീവ്രഹിന്ദുത്വ നിലപാടിലേക്ക് മടങ്ങിപ്പോകാതെ കരകയറാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അപകടകരമായ നീക്കത്തിന് പിന്നില്‍. വികസനവും രാഷ്ട്രീയവുമല്ല മനുഷ്യന്റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വോട്ടാക്കി മാറ്റുക എന്നതാണ് ബി.ജെ.പി തന്ത്രം.

ഏറ്റവും കൂടുതല്‍ എം.പിമാരെ തിരഞ്ഞെടുക്കുന്ന യു.പിയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി ഇപ്പോള്‍ നേരിടുന്നത്.തീവ്ര ഹിന്ദുത്വത്തിലൂന്നിയ പ്രചരണം നടത്തി ഈ സംസ്ഥാനങ്ങളില്‍ നേട്ടം കൊയ്യാനാണ് കാവിപ്പടയുടെ ശ്രമം.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭരണം പോയതും എസ്.പി – ബി.എസ്.പി സഖ്യം യു.പിയില്‍ പിടിമുറുക്കിയതുമാണ് പ്രഗ്യസിങ്ങിനെ രംഗത്തിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

മോദിക്ക് രണ്ടാം ഊഴം ലഭിച്ചില്ലെങ്കില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സംഘപരിവാര്‍ നേതൃത്വം ഭയക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളിലും റഫേല്‍ ഇടപാടിലും ഉന്നത അന്വേഷണം വരാനുള്ള സാധ്യതയും ഏറെയാണ്. ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയുണ്ട്.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസ് നല്ലതു പോലെ ഓര്‍മ്മയുള്ള നരേന്ദ്ര മോദിയും അമിത് ഷായും ഏത് വിധേയനയും ഭരണ തുടര്‍ച്ച ഉറപ്പാക്കാനുള്ള തീവ്ര ശ്രമം നടത്തുന്നതും ഈ പശ്ചാത്തലത്തിലാണ്.

രാമക്ഷേത്രം വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍മ്മിക്കുമെന്ന് ഇതിനകം തന്നെ സംഘപരിവാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജാതി – യാദവ വോട്ട് ബാങ്കുകള്‍ തകര്‍ക്കാന്‍ തീവ്ര ഹിന്ദുത്വ പ്രചരണവും സാമുദായിക ഏകീകരണവും ലക്ഷ്യമിട്ടാണ് ഉത്തരേന്ത്യന്‍ മണ്ണ് കാവിപ്പട ഉഴുത് മറിക്കുന്നത്.

പ്രഗ്യസിങ്ങിനെ പോലുള്ളവരുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇവിടങ്ങളിലെ വളം. യോഗി ആദിത്വനാഥും ഇക്കാര്യം ഭംഗിയായി യുപിയിലും മറ്റും നിര്‍വ്വഹിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ശക്തമായ ഹിന്ദുത്വ പ്രചരണം നടത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്തിയാണെങ്കിലും ഭരണം ഉറപ്പിക്കുക എന്നതും ബി.ജെ.പി നേതൃത്വത്തിന്റെ തന്ത്രമാണ്.

Express Kerala View

Top