പ്രഗ്യാസിങ്ങിനെ കുരുക്കി തിരിച്ചടിക്കാൻ കോൺഗ്രസ്സ് സർക്കാർ, ഇനി കളി മാറും . . .

ഭോപ്പാലില്‍ വിജയിച്ചാലും വിവാദ സ്വാമിനി സ്വാധി പ്രഗ്യാസിങ് ഠാക്കൂറിനെ വെറുതെ വിടില്ലെന്ന നിലപാടുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 12 വര്‍ഷം മുമ്പു നടന്ന ആര്‍.എസ്.എസ് പ്രചാരകന്‍ സുനില്‍ജോഷിയുടെ കൊലപാതകക്കേസാണ് വീണ്ടും അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

എം.എല്‍എമാരെ ചാക്കിട്ട് പിടിച്ച് കമല്‍നാഥ് സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടകും. ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രികൂടിയായ ദ്വിഗ്‌വിജയ്‌സിങിനെ പരാജയപ്പെടുത്തി പ്രഗ്യസിങ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഇതിനു പിന്നാലെയാണ് സുനില്‍ ജോഷി വധക്കേസില്‍ പ്രഗ്യക്കെതിരെ വീണ്ടും അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ആര്‍.എസ്.എസ് പ്രചാരകന്‍ സുനില്‍ജോഷിയുടെ വധം ആര്‍.എസ്.എസ് നേതൃത്വത്തെയും സ്വാധി പ്രഗ്യയെയെും പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. മധ്യപ്രദേശിലെ ദേവാസ് ടൗണില്‍ ഒളിവില്‍ കഴിഞ്ഞിടത്താണ് 2007ല്‍ സുനില്‍ ജോഷിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

2007ലെ സംത്സോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സുനില്‍ ജോഷിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. സംത്സോത സ്‌ഫോടനവും അജ്മീര്‍ സ്‌ഫോടനവും അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സുനില്‍ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തില്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയെന്നായിരുന്നു നിഗമനം. സുനില്‍ ജോഷിയും സ്വാധി പ്രഗ്യാസിങും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് തെറ്റുകയായിരുന്നു.

കേസില്‍ പ്രഗ്യാസിങ് അടക്കം ഏഴുപേരെയാണ് കോടതി വെറുതെവിട്ടിരുന്നത്. മധ്യപ്രദേശ് പോലീസും പിന്നീട് എന്‍.ഐ.എയും അന്വേഷിച്ച കേസില്‍ പ്രഗ്യ അടക്കമുള്ളവര്‍ക്കെതിരെ മതിയായ തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതിയുടെ തീരുമാനം .

മലേഗാവ് സ്‌ഫോടനകേസിലും പ്രഗ്യസിങ് പ്രതിയാണ്. 2008 സെപ്തംബര്‍ 29തിനാണ് മലേഗാവില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത് . ഈ സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് 2011 ഏപ്രിലിലാണ് എന്‍.ഐ.എക്ക് കൈമാറിയത്. മലേഗാവില്‍ സ്‌ഫോടനത്തിന് ബോംബ് വെക്കാന്‍ രാജി കല്‍സ്രാംഗക്ക് ബൈക്ക് നല്‍കിയെന്നതായിരുന്നു പ്രഗ്യസിങിനെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന ചുമത്തിയിരുന്ന കുറ്റം.

കല്‍സ്രാംഗ്ര ഇപ്പോഴും ഒളിവിലാണ്. ഇതിനു പുറമെ മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപ്പാലില്‍ ചേര്‍ന്ന ഗൂഢാലോചനായോഗത്തിലും പ്രഗ്യ പങ്കാളിയാണെന്നായിരുന്നു മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയിരുന്നത്.

2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കരെ കൊല്ലപ്പടുകയും ചെയ്തു. താന്‍ ശപിച്ചതുകൊണ്ടാണ് കര്‍ക്കരെ കൊല്ലപ്പെട്ടതെന്ന പ്രഗ്യയുടെ പ്രസ്താവനയും വിവാദമായി. മുന്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖരാണ് പ്രഗ്യക്കെതിരെ രൂക്ഷമായി രംഗത്തുവന്നിരുന്നത് .

രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ വെടിഞ്ഞ ധീരനായ പോലീസ് ഓഫീസറായ കര്‍ക്കരെക്ക് പ്രഗ്യസിങിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പരസ്യപ്രസ്താവനയും ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ നടത്തി.

ഗാന്ധിഘാതകനായ ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നു വിളിച്ചും പ്രഗ്യ വാര്‍ത്തകളില്‍ നിറഞ്ഞു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പ്രഗ്യയെ തള്ളിപ്പറയേണ്ടിയും വന്നു.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യക്ക് മാപ്പില്ലെന്ന് മോദി പറഞ്ഞത്. ‘തെറ്റായതും മോശവുമായ പരാമര്‍ശമാണ് പ്രഗ്യാസിങ് നടത്തിയത്. പരാമര്‍ശത്തില്‍ പ്രഗ്യ മാപ്പുപറഞ്ഞിട്ടുണ്ടാകുമെങ്കിലും പൂര്‍ണമായും ക്ഷമിക്കാന്‍ തനിക്കു കഴിയില്ലെന്നാണ്’ മോദി തുറന്നടിച്ചത്.

ഉമാഭാരതിയെപ്പോലെ ആര്‍.എസ്.എസ് വളര്‍ത്തികൊണ്ടുവന്ന നേതാവാണ് പ്രഗ്യസിങ് ഠാക്കൂര്‍. ബി.ജെ.പിയുടെ ഭരണകുത്തക തകര്‍ത്ത് കോണ്‍ഗ്രസ് ഭരണംപിടിച്ച മധ്യപ്രദേശില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനായാണ് ഭോപ്പാലില്‍ പ്രഗ്യയെ ഇറക്കിയിരുന്നത്.

ഇവിടെ മോദിയുടെയും ആര്‍.എസ്.എസിന്റെയും കടുത്ത വിമര്‍ശകനായ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെ പരാജയപ്പെടുത്തുകയെന്നത് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യംനേടാന്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രഗ്യയെ സുനില്‍ജോഷി വധക്കേസില്‍ പുനരന്വേഷണത്തിലൂടെ കുരുക്കിലാക്കാനുള്ള നീക്കമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്. .

അപകടം മുന്നില്‍കണ്ട് നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തുന്ന കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനാണ് സംഘപരിവാര്‍ ശ്രമം. ബിഎസ്പി അംഗങ്ങളേയും ചില സ്വതന്ത്ര അംഗങ്ങളേയും കൂറുമാറ്റാനും അണിയറയില്‍ നീക്കം തകൃതിയാണ്.

Express Kerala View

Top