പഞ്ചായത്തിന്റെ അധികാരങ്ങള്‍ പ്രഫുല്‍ പട്ടേല്‍ കവര്‍ന്നെടുക്കുന്നു; ലക്ഷദ്വീപ് എംപി

കൊച്ചി: വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസല്‍. പഞ്ചായത്തിന്റെ അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കവര്‍ന്നെടുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അദ്ദേഹം വന്നതു മുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമനിര്‍മാണങ്ങള്‍ സ്വാര്‍ഥ താല്പര്യത്തോടു കൂടിയുളളതാണ്. അദ്ദേഹത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന് പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. പ്രഫുല്‍ പട്ടേലിന്റേത് ഏകാധിപത്യ പ്രവണതയാണ്. പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ട് ചര്‍ച്ച നടത്തിയെന്നും എം.പി.അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, ഗുണ്ടാ ആക്ട് നടപ്പാക്കല്‍, ഗോമാംസ നിരോധനം, രണ്ടു കുട്ടികളില്‍ കൂടുതലുളളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല തുടങ്ങി പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമായിരുന്നു.

Top