ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര റദ്ദാക്കി പ്രഫുല്‍ പട്ടേല്‍

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊച്ചിയില്‍ എത്തിയില്ല. അദ്ദേഹം നേരിട്ട് കവരത്തിയിലേക്ക് പോയതായാണ് വിവരം. യാത്രാ ഷെഡ്യൂള്‍ പ്രകാരം അദ്ദേഹം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് അവസാന നിമിഷം റദ്ദാക്കി ദാമന്‍ ദിയുവില്‍ നിന്നും അദ്ദേഹം എയര്‍ഫോഴ്‌സ് പ്രത്യേക വിമാനത്തില്‍ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കരങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളില്‍ എത്തി ആവശ്യപ്പെട്ടു.

കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഡ്മിനിസ്‌ടേറ്ററെ ബഹിഷ്‌കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവര്‍ അറിയിച്ചത്.

 

Top